തൃശ്ശൂർ: വടക്കാഞ്ചേരി വോട്ടുകോഴ വിവാദത്തിൽ സി.പി.എമ്മുമായി യാതൊരുവിധ സാമ്പത്തിക ഇടപാടുകളും നടത്തിയിട്ടില്ലെന്ന് മുസ്ലീം ലീഗ് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച ഇ.യു. ജാഫർ. കൂറുമാറി വോട്ട് ചെയ്യാൻ സി.പി.എം 50 ലക്ഷം രൂപ വാഗ്ദാനം ചെയ്തു എന്ന് പറയുന്ന ശബ്ദരേഖ വെറും തമാശയ്ക്ക് പറഞ്ഞതാണെന്നുമാണ് ജാഫറിന്റെ വിശദീകരണം.(The audio recording was just a friendly conversation, EU Jaffer on Vadakkencherry vote rigging controversy)
സി.പി.എമ്മുമായി ഒരു ഡീലും നടന്നിട്ടില്ല. പണം വാങ്ങിയിട്ടുണ്ട് എങ്കിൽ വിജിലൻസ് അത് അന്വേഷിച്ച് തെളിയിക്കട്ടെ. ഏത് അന്വേഷണത്തെയും നേരിടാൻ താൻ തയ്യാറാണ് എന്നും ജാഫർ കൂട്ടിച്ചേർത്തു. തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തപ്പോൾ തനിക്ക് ഒരു അബദ്ധം പറ്റിയതാണ്. എങ്ങനെയോ അത് സംഭവിച്ചു പോയി. താൻ എൽ.ഡി.എഫിനെ പിന്തുണയ്ക്കില്ലെന്ന് സി.പി.എം നേതാക്കൾക്ക് അറിയാമായിരുന്നു.
50 ലക്ഷം രൂപയുടെ കാര്യം തമാശ രൂപേണ പറഞ്ഞതാണെന്നും ജാഫർ മാധ്യമങ്ങളോട് പറഞ്ഞു. യു.ഡി.എഫിന് ഭൂരിപക്ഷമുണ്ടായിരുന്ന വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തിൽ ഇ.യു. ജാഫർ എൽ.ഡി.എഫിന് അനുകൂലമായി വോട്ട് ചെയ്തതോടെയാണ് ഭരണം അട്ടിമറിക്കപ്പെട്ടത്. ഇതിന് പിന്നാലെയാണ് 50 ലക്ഷം രൂപയോ പ്രസിഡന്റ് സ്ഥാനമോ നൽകാമെന്ന് സി.പി.എം വാഗ്ദാനം ചെയ്തതായി ജാഫർ പറയുന്ന ശബ്ദരേഖ കോൺഗ്രസ് പുറത്തുവിട്ടത്.