മുഴപ്പിലങ്ങാട് ബീച്ച്,  മണലിൽ കുടുങ്ങിയ സ്കോർപിയോയെ തന്‍റെ ഥാർ ഉപയോഗിച്ച് വലിച്ചു കയറ്റി യുവതി; വീഡിയോ വൈറൽ | Thar

മുഴുപ്പിലങ്ങാട് ബീച്ചിലെ മണലിൽ തമിഴ്‌നാട് സ്വദേശികളുടെ കാർ കുടുങ്ങിയപ്പോൾ രക്ഷിക്കാൻ എത്തിയത് ദില്ലിയിൽ നിന്നുള്ള ഒരു യുവതിയാണ്.
THAR
Updated on

കണ്ണൂർ: മുഴപ്പിലങ്ങാട് ഡ്രൈവ്-ഇൻ ബീച്ചിൽ മണലിൽ കുടുങ്ങിയ സ്കോർപിയോയെ തന്‍റെ ഥാർ ഉപയോഗിച്ച് വലിച്ചു കയറ്റിയ യുവതിക്ക് സാമൂഹിക മാധ്യമങ്ങളിൽ കയ്യടി. തമിഴ്‌നാട്ടിൽ നിന്നുള്ള വിനോദസഞ്ചാരികൾ സഞ്ചരിച്ച കാർ, ഏറെ പരിശ്രമിച്ചിട്ടും മണലിൽ നിന്ന് പുറത്തെടുക്കാൻ കഴിഞ്ഞിരുന്നില്ല. തുടർന്നാണ് യുവതി തന്‍റെ വാഹനവുമായി സ്കോർപിയോയെ കരകയറ്റാൻ ഇറങ്ങിയത്. (Thar)

മുഴുപ്പിലങ്ങാട് ബീച്ചിലെ മണലിൽ തമിഴ്‌നാട് സ്വദേശികളുടെ കാർ കുടുങ്ങിയപ്പോൾ രക്ഷിക്കാൻ എത്തിയത് ദില്ലിയിൽ നിന്നുള്ള ഒരു യുവതിയാണ്. സ്കോർപിയോ മണലിൽ ആഴ്ന്നുപോയ നിലയിലായിരുന്നു. പത്തോളം പേർ ചേർന്ന് വാഹനം തള്ളാൻ ശ്രമിക്കുന്നത് കാണാം. അവർ ടയറുകൾക്ക് ചുറ്റും മണൽ നീക്കം ചെയ്തും മറ്റും ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഈ സമയത്താണ് ഒരു യുവതി മഹീന്ദ്ര ഥാറുമായി അവിടേക്ക് എത്തുന്നത്.

ഒരു കയർ ഉപയോഗിച്ച് സ്കോർപിയോയെ ഥാറിൽ ബന്ധിപ്പിച്ചു. എന്നിട്ട് നിമിഷങ്ങൾക്കുള്ളിൽ സ്കോർപിയോയെ മണലിൽ നിന്നും പുറത്തെത്തിച്ചു.അവിടെ കൂടിയവർ ആവേശത്തോടെ ആർപ്പുവിളിച്ചു. കൈയടിച്ചും ആ നിമിഷം ക്യാമറയിൽ പകർത്തിയും അവർ ആഘോഷിച്ചു. യുവതിയുടെ ചുറ്റും കൂടി നിന്ന് സെൽഫി എടുത്ത് നന്ദി പറഞ്ഞാണ് അവർ പിരിഞ്ഞത്.

ഇൻസ്റ്റഗ്രാമിലും റെഡിറ്റിലും പങ്കുവെക്കപ്പെട്ട വീഡിയോ വളരെ വേഗം വൈറലായി. യുവതിയുടെ ഡ്രൈവിംഗ് മികവിനെയും പരിഭ്രമിക്കാതെ ഇടപെടാനുള്ള കഴിവിനെയും അപരിചിതരെ സഹായിക്കാനുള്ള മനസ്സിനെയും ആളുകൾ അഭിനന്ദിച്ചു."എന്തൊരു സ്ത്രീ!", "അവരെ ഥാറിന്റെ ബ്രാൻഡ് അംബാസഡർ ആക്കണം", "ഥാർ കൊണ്ട് ഒരു നല്ല കാര്യം നടക്കുന്നത് ഇതാദ്യമായി കണ്ടു" എന്നിങ്ങനെയുള്ള കമന്റുകൾ സാമൂഹിക മാധ്യമങ്ങളിൽ നിറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com