വയനാട് : പുൽപ്പള്ളിയിൽ വീട്ടിൽ നിന്ന് മദ്യവും സ്‌ഫോടകവസ്തുക്കളും കണ്ടെടുത്ത കേസിൽ താൻ നിരപരാധിയാണെന്ന് പോലീസിനോട് നിരവധി തവണ പറഞ്ഞുവെന്ന് തങ്കച്ചൻ. 17 ദിവസത്തെ ജയിൽ വാസത്തിന് ശേഷം തങ്കച്ചൻ ജയിൽ മോചിതനായി. (Thankachan about Pulpally case)
മദ്യം വാങ്ങിയ പ്രസാദ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നിരപരാധിയാണെന്ന് പല തവണ പറഞ്ഞിട്ടും പോലീസ് കേട്ടില്ലെന്നും, തട്ടിക്കയറുകയാണ് ചെയ്തതെന്നും പറഞ്ഞ അദ്ദേഹം, ദേഹോപദ്രവം ഏൽപ്പിച്ചിട്ടില്ലെന്നും വ്യക്തമാക്കി. കവറിലെ ഫിംഗർപ്രിന്റ് പരിശോധിക്കണമെന്ന് താൻ ആവശ്യപ്പെട്ടിരുന്നുവെന്നും, പ്രഥമ ദൃഷ്ടിയാൽ നോക്കിയാൽ തന്നെ ആരോ കൊണ്ടുവെച്ചതാണെന്ന് മനസ്സിലാകുമെന്നും പറഞ്ഞ തങ്കച്ചൻ, ഇതിന് പിന്നിൽ കോൺഗ്രസിലെ ഗ്രൂപ്പ് പ്രശ്നങ്ങൾ ആണെന്നും കൂട്ടിച്ചേർത്തു.
വീട്ടിൽ കിടത്തി ഉറക്കില്ല എന്ന ഭീഷണി ഉണ്ടായിരുന്നുവെന്നും, ഇപ്പോൾ അറസ്റ്റ് ചെയ്ത പ്രതി ചൂണ്ടയിൽ ഇട്ട ഇര മാത്രമാണ് എന്നും പറഞ്ഞ അദ്ദേഹം, യഥാർത്ഥ പ്രതികളെ പുറത്ത് കൊണ്ടുവരണം എന്നും, ഡിസിസി പ്രസിഡൻ്റ് എൻഡി അപ്പച്ചൻ, പി ഡി സജി, ജോസ് നെല്ലേടം തുടങ്ങിയ കോൺഗ്രസ് നേതാക്കൾക്ക് ഇതിൽ പങ്കുണ്ടെന്നും ആരോപിച്ചു. എന്നാൽ ഇതുമായി യാതൊരു ബന്ധവും ഇല്ലെന്നാണ് ഡിസിസി പ്രസിഡൻ്റ് എൻഡി അപ്പച്ചൻ്റെ പ്രതികരണം.