പ്രാർത്ഥനകളും കരുതലും കാരുണ്യവും നൽകി കൂടെ നിന്നവർക്ക് നന്ദി ; എം.​കെ. മു​നീ​ർ എം​എ​ൽ​എ ആ​ശു​പ​ത്രി വി​ട്ടു |m k muneer

നിങ്ങൾ ചൊരിഞ്ഞ സ്നേഹത്തിനും പ്രാർത്ഥനകൾക്കും നന്ദി പറയാൻ എനിക്ക് വാക്കുകളില്ല.
m-k-muneer
Published on

കോഴിക്കോട്: ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന ഡോ. എം കെ മുനീർ എംഎൽഎ വീട്ടിലേക്ക് മടങ്ങി.രക്തത്തില്‍ പൊട്ടാസ്യത്തിന്റെ അളവ് കുറഞ്ഞതിന് പിന്നാലെയുണ്ടായ ഹൃദയാഘാതത്തെ തുടർന്നായിരുന്നു എം കെ മുനീറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പ്രാർത്ഥനകളും കരുതലും കാരുണ്യവും നൽകി കൂടെ നിന്നവർക്ക് നന്ദി അറിയിച്ച്, മുനീർ തന്റെ ഫേസ്ബുക്ക് കുറിപ്പിലാണ് ആശ്വാസ വിവരം പങ്കുവെച്ചത്.

കുറിപ്പിന്‍റെ പൂര്‍ണരൂപം...

സർവ്വശക്തനായ നാഥന് സ്തുതി.

പ്രിയപ്പെട്ടവരെ,

നിങ്ങൾ ചൊരിഞ്ഞ സ്നേഹത്തിനും പ്രാർത്ഥനകൾക്കും നന്ദി പറയാൻ എനിക്ക് വാക്കുകളില്ല. ജീവിതം ഒരു പ്രയാണമാണ്; ചിലപ്പോഴത് തീർത്തും അപ്രതീക്ഷിതമായ വഴിത്തിരിവുകളിലേക്ക് നമ്മെ നയിക്കും. കഴിഞ്ഞ കുറച്ചു ദിവസങ്ങളിൽ എന്റെ ഹൃദയമിടിപ്പ് നിലച്ചുപോയതുപോലെയുള്ള ആ നിമിഷത്തിലും, നിങ്ങൾ ഓരോരുത്തരുടെയും പ്രാർത്ഥനകൾ ഒരു കവചം പോലെ എന്നെ പൊതിഞ്ഞു നിന്നു. ആശുപത്രിയുടെ വാതിലുകൾ കടന്ന് ഇന്ന് വീട്ടിലേക്ക് മടങ്ങുമ്പോൾ, ഒരു ജനത എന്നോട് കാണിച്ച സ്നേഹത്തിനും കരുതലിനും കാരുണ്യത്തിനും അനിർവചനീയമായ കടപ്പാട് അറിയിക്കുന്നു.

ഈ അത്യാസന്ന ഘട്ടത്തിൽ എന്റെ ജീവൻ രക്ഷിക്കാൻ രാവും പകലും പോലെ പ്രവർത്തിച്ച മെയ്ത്ര ആശുപത്രിയിലെ ഡിപ്പാർട്ട്‌മെന്റ് എച്ച്.ഓ.ഡിമാർ, അനുബന്ധ ഡോക്ടർമാർ, നഴ്സുമാർ, ആശുപത്രി മാനേജ്‌മെൻ്റ്, ജി.ഡി.എ. സ്റ്റാഫുകൾ, ആരോഗ്യ മേഖലയിലെ മറ്റു പ്രിയപ്പെട്ടവർ ഇവരെ ഞാൻ ഈ അവസരത്തിൽ കൃതജ്ഞതയോടെ ഓർക്കുന്നു.

അതുപോലെ, എന്റെ രോഗവിവരം അറിഞ്ഞ് ലോകത്തിന്റെ നാനാഭാഗത്തുനിന്നും പ്രാർത്ഥനകൾ കൊണ്ടും സ്നേഹം കൊണ്ടും എന്നെ പുതച്ചു മൂടിയ പ്രിയപ്പെട്ടവർ, സഹപ്രവർത്തകർ, പണ്ഡിതന്മാർ, ഗുരുതുല്യരായ രാഷ്ട്രീയ നേതാക്കൾ, സാമൂഹിക-രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പ്രതിനിധികൾ, എല്ലാ മതസംഘടനകൾ തുടങ്ങിയവരുടെ നേതൃത്വത്തിൽ ഇന്ത്യക്ക് അകത്തും പുറത്തും നടന്ന ശക്തമായ പ്രാർത്ഥനകളാണ് യഥാർത്ഥത്തിൽ എനിക്ക് പുതുജീവൻ നൽകി, മറ്റൊരു ജന്മം പോലെ ജീവിതത്തിലേക്ക് തിരിച്ചു വരാൻ സാധിച്ചു.

അതിജീവനത്തിന്റെ പാതയിൽ വെല്ലുവിളികൾ അവസാനിക്കുന്നില്ല. തുടർന്നും നിങ്ങളുടെ പ്രാർത്ഥനകളിൽ എന്നെ ഉൾപ്പെടുത്തണം.

സ്നേഹത്തോടെ,

ഡോ. എം.കെ മുനീർ

Related Stories

No stories found.
Times Kerala
timeskerala.com