

കോഴിക്കോട്: താമരശ്ശേരി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ അധ്യാപകനെതിരെ കേസ്. സ്കൂളിലെ അധ്യാപകനും താമരശ്ശേരി പൂക്കോട് സ്വദേശിയുമായ ഇസ്മയിലിനെതിരെയാണ് പോലീസ് കേസെടുത്തത്. എൻ.എസ്.എസ് (NSS) ക്യാമ്പിനിടെ വിദ്യാർഥിനികളോട് മോശമായി പെരുമാറിയെന്നാണ് പരാതി.
സ്കൂളിൽ നടന്ന കൗൺസിലിംഗിനിടെയാണ് പെൺകുട്ടികൾ തങ്ങൾ നേരിട്ട ദുരനുഭവങ്ങൾ തുറന്നുപറഞ്ഞത്. ക്യാമ്പ് സമയത്ത് അധ്യാപകൻ കുട്ടികളുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചുവെന്നും മോശമായി പെരുമാറിയെന്നും കുട്ടികൾ വെളിപ്പെടുത്തി. കഴിഞ്ഞ വർഷമാണ് ഇസ്മയിൽ ഈ സ്കൂളിൽ നിയമിതനായത്.
പരാതി ഉയർന്നതിന് പിന്നാലെ അധ്യാപകൻ ഒളിവിൽ പോയിരിക്കുകയാണ്. ഇയാൾക്കായി താമരശ്ശേരി പോലീസ് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കൂടുതൽ വകുപ്പുകൾ ചുമത്തുന്ന കാര്യം പോലീസ് പരിഗണിച്ചുവരികയാണ്. സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പും ആഭ്യന്തര അന്വേഷണം നടത്തും.