കോഴിക്കോട്: താമരശ്ശേരി ഫ്രഷ് കട്ട് മാലിന്യ സംസ്കരണ കേന്ദ്രത്തിനെതിരായ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വ്യാപാരികൾ താമരശ്ശേരിയിൽ കടകൾ അടച്ചിട്ടു. ഇന്ന് രാവിലെ 9.30 മുതൽ 12 മണി വരെയായിരുന്നു കടയടപ്പ് സമരം. അറസ്റ്റ് ഭയന്ന് ഒളിവിൽ കഴിയുന്ന കുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റുകൾ നൽകാനും വ്യാപാരികൾ തീരുമാനിച്ചിട്ടുണ്ട്.(Thamarassery Fresh Cut strike, Business establishments closed)
സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് താമരശ്ശേരിയിൽ ജനകീയ സദസ്സും നടന്നു. എം.എൻ. കാരശ്ശേരി സദസ്സ് ഉദ്ഘാടനം ചെയ്തു. അക്രമം നടത്തിയ യഥാർത്ഥ ക്രിമിനലുകളെ പിടികൂടാതെ പോലീസ് പ്രദേശത്ത് നരനായാട്ട് നടത്തുകയാണെന്നും ജനകീയ സമരത്തെ ചവിട്ടിമെതിക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്നും എം.എൻ. കാരശ്ശേരി ആരോപിച്ചു.
ഫാക്ടറിയുടെ അടുത്തുള്ള പ്രദേശങ്ങളിൽ കേസുകളിൽ ഉൾപ്പെട്ട നിരവധിപേരാണ് നിലവിൽ അറസ്റ്റ് ഭയന്ന് വീട് വിട്ട് ഒളിവിൽ കഴിയുന്നത്. സമരത്തിലെ ആക്രമണത്തിലും തീവെപ്പിലും അട്ടിമറി നടന്നു എന്ന ഗുരുതര ആരോപണവുമായി സമരസമിതി രംഗത്തെത്തി.