വയനാട് : വയനാട് തുരങ്കപാത നിർമ്മാണോദ്ഘാടന വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് താമരശ്ശേരി രൂപത ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയേൽ. തടസ്സങ്ങള്‍ ഒന്നിന് പിറകേ ഒന്നായി ഉണ്ടായെങ്കിലും അതിനെയെല്ലാം മറികടക്കാന്‍ മുഖ്യമന്ത്രിക്ക് സാധിച്ചെന്നും ബിഷപ് പറഞ്ഞു. ആനക്കാംപൊയില്‍- കള്ളാടി-മേപ്പാടി തുരങ്കപാത നിര്‍മാണോദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വയനാട് തുരങ്കപാത യാഥാർത്ഥ്യമാക്കാൻ ഇടപെട്ട മുഖ്യമന്ത്രിയെ പ്രശംസിക്കുന്നുവെന്ന് ടി സിദ്ദിഖ് എംഎൽഎ പറഞ്ഞു.പദ്ധതിക്ക് നേരത്തെ പണം അനുവദിച്ച ഉമ്മൻ ചാണ്ടിയേയും കെ എം മാണിയെയും ഓർമിക്കുന്നുവെന്നും ടി സിദ്ദിഖ് കൂട്ടിച്ചേർത്തു.
അതേസമയം കേരളത്തിന്റെ സ്വപ്‌നപദ്ധതിയായ കോഴിക്കോട്-വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ഇരട്ട തുരങ്കപാതയുടെ നിര്‍മ്മാണ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍വ്വഹിച്ചു. ഇന്ത്യയിലെ തന്നെ ഏറ്റവും ദൈര്‍ഘ്യമുള്ള മൂന്നാമത്തെ തുരങ്കപാതയായിരിക്കും ഇതെന്ന് മുഖ്യമന്ത്രി പറഞ്ഞു.വയനാട്ടുകാരുടെ കാലങ്ങളായുള്ള ആവശ്യമാണ് ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ നിര്‍മ്മാണത്തോടെ സാഫല്യമാകാന്‍ പോകുന്നത്.കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2,134 കോടി രൂപ ചെലവഴിച്ചാണ് പാത നിര്‍മാണം. മല തുരന്നുള്ള നിര്‍മ്മാണം നാലുവര്‍ഷം കൊണ്ട് പൂര്‍ത്തിയാകും. എട്ട് കിലോമീറ്ററും 73 മീറ്ററുമാണ് നീളം. വയനാട്ടിലേക്കുള്ള യാത്രാ സമയം ഒന്നര മണിക്കൂര്‍ ആയി കുറയും.