തിരുവനന്തപുരം: ദക്ഷിണേന്ത്യയിലെ പ്രമുഖ വിളവെടുപ്പ് ഉത്സവമായ തൈപ്പൊങ്കൽ പ്രമാണിച്ച് കേരളത്തിലെ ആറ് ജില്ലകൾക്ക് ജനുവരി 15 വ്യാഴാഴ്ച പ്രാദേശിക അവധി പ്രഖ്യാപിച്ചു. തമിഴ് ജനവിഭാഗം കൂടുതലായി താമസിക്കുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകൾക്കാണ് സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക കലണ്ടർ പ്രകാരം അവധി നൽകിയിരിക്കുന്നത്.(Thai Pongal, Holiday on January 15 in 6 districts of Kerala)
പൊങ്കൽ പ്രമാണിച്ച് അയൽസംസ്ഥാനമായ തമിഴ്‌നാട്ടിൽ ജനുവരി 10 മുതൽ 16 വരെ സ്കൂളുകൾക്ക് നീണ്ട അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ആദ്യം 15 വരെയായിരുന്നു അവധി നിശ്ചയിച്ചിരുന്നതെങ്കിലും, ആവശ്യം ശക്തമായതോടെ ഒരു ദിവസം കൂടി വർദ്ധിപ്പിക്കുകയായിരുന്നു. തെലങ്കാനയിലും സമാനമായ രീതിയിൽ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സംസ്ഥാനങ്ങളിൽ ജനുവരി 17-നായിരിക്കും ഇനി സ്കൂളുകൾ തുറന്നു പ്രവർത്തിക്കുക.
തമിഴ് കലണ്ടറിലെ 'തൈ' മാസത്തിന്റെ ആദ്യ ദിനത്തിലാണ് തൈപ്പൊങ്കൽ ആഘോഷിക്കുന്നത്. പ്രകൃതിയോടും സൂര്യദേവനോടും കന്നുകാലികളോടും നന്ദി പറയുന്ന ഈ ഉത്സവം നാല് ദിവസം നീണ്ടുനിൽക്കുന്നതാണ്.