തിരുവനന്തപുരം: തൈപ്പൊങ്കൽ ആഘോഷങ്ങളോടനുബന്ധിച്ച് കേരളത്തിലെ ആറ് ജില്ലകളിൽ ഇന്ന് പ്രാദേശിക അവധി. തമിഴ്‌നാടുമായി അതിർത്തി പങ്കിടുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകളിലാണ് സംസ്ഥാന സർക്കാർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സർക്കാർ കലണ്ടറിലെ ഔദ്യോഗിക പട്ടിക പ്രകാരമാണ് ഈ തീരുമാനം.(Thai Pongal, Holiday in 6 districts of the state today)
അവധി പ്രഖ്യാപിച്ച ജില്ലകളിലെ കെ.എസ്.ഇ.ബി ഓഫീസുകൾക്കും ഇന്ന് അവധിയായിരിക്കും. എന്നാൽ ഉപഭോക്താക്കൾക്ക് ഓൺലൈൻ മാർഗങ്ങളിലൂടെ ബില്ലുകൾ അടയ്ക്കാവുന്നതാണ്. വൈദ്യുതി തടസ്സം ഉണ്ടാകാതിരിക്കാൻ പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തി. വൈദ്യുതി തകരാറുകൾ ഉണ്ടായാൽ ഉടനടി പരിഹരിക്കാൻ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.
തമിഴ്‌നാട്ടിലും തെലങ്കാനയിലും പൊങ്കൽ പ്രമാണിച്ച് സ്കൂളുകൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും നീണ്ട അവധിയാണ് നൽകിയിരിക്കുന്നത്. ജനുവരി 10 മുതൽ 16 വരെയാണ് തമിഴ്‌നാട്ടിൽ സ്കൂൾ അവധി. ജനങ്ങളുടെ ആവശ്യം പരിഗണിച്ച് അവധി ഒരു ദിവസം കൂടി നീട്ടുകയായിരുന്നു.
തമിഴ്‌നാട്ടിലും തെലങ്കാനയിലും അവധിക്ക് ശേഷം ജനുവരി 17-നായിരിക്കും വിദ്യാലയങ്ങൾ പുനരാരംഭിക്കുക. തമിഴ് കലണ്ടർ പ്രകാരം മകരമാസത്തിലെ ആദ്യ ദിനത്തിലാണ് വിളവെടുപ്പ് ഉത്സവമായ തൈപ്പൊങ്കൽ ആഘോഷിക്കുന്നത്.