തിരുവനന്തപുരം: കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജുകളിലെ ഹൃദയ ശസ്ത്രക്രിയ ഉപകരണ പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരം. ഉപകരണങ്ങളുടെ കുടിശ്ശിക തീർക്കാൻ വിതരണക്കാർ സർക്കാരിന് പത്ത് ദിവസം കൂടി സമയം അനുവദിച്ചു. ഇതോടെ ആശുപത്രികൾക്ക് താൽക്കാലിക ആശ്വാസമായിരിക്കുകയാണ്. ഉപകരണങ്ങൾ തിരിച്ചെടുക്കരുത് എന്ന ആശുപത്രി അധികൃതരുടെ അഭ്യർത്ഥനയെ തുടർന്നാണ് വിതരണക്കാർ ഈ തീരുമാനമെടുത്തത്. വിതരണക്കാരുടെ അടിയന്തര യോഗം ഇന്ന് വൈകിട്ട് നടക്കും.(Temporary solution to the heart surgery crisis in government medical colleges)
സംസ്ഥാനത്തെ നാല് പ്രധാന സർക്കാർ ആശുപത്രികളിലെ ശസ്ത്രക്രിയ ഉപകരണ വിതരണ കുടിശ്ശികയാണ് സർക്കാർ വീട്ടാനുള്ളത്. കുടിശ്ശിക തീർക്കുന്നതിന് കരാറുകാർ അനുവദിച്ച സമയപരിധി അവസാനിച്ചതോടെയാണ് ഉപകരണങ്ങൾ തിരിച്ചെടുക്കാൻ വിതരണക്കാർ ആദ്യം തീരുമാനിച്ചിരുന്നത്.
തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രികളിൽ നിന്നും എറണാകുളം ജനറൽ ആശുപത്രിയിൽ നിന്നും സ്റ്റെന്റ് ഉൾപ്പെടെയുള്ള മുഴുവൻ ഹൃദയ ശസ്ത്രക്രിയ ഉപകരണങ്ങളുടെ സ്റ്റോക്കും തിരികെ എടുക്കുമെന്നായിരുന്നു ആദ്യം വിതരണക്കാർ അറിയിച്ചത്. പിന്നീട് ഇത് പത്ത് ദിവസത്തേക്ക് നീട്ടി നൽകുകയായിരുന്നു.
സെപ്റ്റംബർ മുതൽ പുതിയ സ്റ്റോക്ക് വിതരണം നിർത്തിവെച്ചിരിക്കുകയാണ്. ഇതോടെ നാല് ആശുപത്രികളിലെയും ഹൃദയ ശസ്ത്രക്രിയകൾ പ്രതിസന്ധിയിലായി. മാർച്ച് വരെയുള്ള കുടിശ്ശിക തീർക്കണം എന്നാണ് കരാറുകാരുടെ ആവശ്യം. 159 കോടി രൂപയായിരുന്നു കുടിശ്ശിക. ഇതിൽ 30 കോടി രൂപയ്ക്ക് അടുത്ത് മാത്രമാണ് സർക്കാർ നൽകിയത്. 100 കോടി രൂപയുടെ കുടിശ്ശിക തീർത്ത് പ്രതിസന്ധി മറികടക്കാനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ്.