
ഊട്ടി: ഊട്ടിയിൽ അതി ശൈത്യം(Temperature At Zero In Ooty). വൈകിയാണ് എത്തിയതെങ്കിലും ഇത്തവണ കനത്ത മഞ്ഞുവീഴ്ച കാരണം ഊട്ടിയിൽ ശൈത്യം തുടരുകയാണ്. മഞ്ഞുവീഴ്ച തുടരുന്നതു കാർഷിക മേഖലയ്ക്കു തിരിച്ചടിയാണെങ്കിലും ടൂറിസം മേഖല പൊടിപൊടിക്കുകയാണ്. ഇവിടെ മഞ്ഞു വീഴ്ച്ച തുടങ്ങിയതറിഞ്ഞ് സഞ്ചാരികളുടെ പ്രവാഹമാണ് ഇപ്പോൾ അനുഭവപ്പെടുന്നത്.
ഊട്ടി സസ്യോദ്യാനത്തിൽ ഇന്നലെ രേഖപ്പെടുത്തിയ താപനില 2.4 ഡിഗ്രിയാണ്. ഗൂഡല്ലൂർ റോഡിലെ തലക്കുന്ത, അവലാഞ്ചി തുടങ്ങിയ സ്ഥലങ്ങളിൽ താപനില പൂജ്യം ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. റെയിൽവേ സ്റ്റേഷൻ പരിസരത്തും സമീപമുള്ള കുതിരപ്പന്തയ മൈതാനി, കാന്തൽ തുടങ്ങിയ സ്ഥലങ്ങളിലും ഇന്നലെ കനത്ത മഞ്ഞുവീഴ്ചയുണ്ടായി. പുല്ലു കരിഞ്ഞു പോകുന്നതു കാരണം കന്നുകാലികൾക്കു ഭക്ഷണക്ഷാമമുണ്ട്. മഞ്ഞുവീഴ്ചയിൽ തേയിലച്ചെടികൾക്കും ഭീഷണിയാണ്.