
തിരുവനന്തപുരം: ഐടി, അനുബന്ധ വ്യവസായങ്ങളുടെ സോഫ്റ്റ് വെയര്‍ കയറ്റുമതി വരുമാനത്തില്‍ 2023-24 സാമ്പത്തിക വര്‍ഷം 13,255 കോടി വളര്‍ച്ച നേട്ടവുമായി ടെക്നോപാര്‍ക്ക്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 14 ശതമാനത്തിലധികമാണ് വളര്‍ച്ചയാണ് ഉണ്ടായത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം സോഫ്റ്റ് വെയര്‍ കയറ്റുമതിയില്‍ ടെക്നോപാര്‍ക്കിന്‍റെ ആകെ വരുമാനം 11,630 കോടി രൂപയായിരുന്നു. വിശാലമായ 768.63 ഏക്കറില്‍ 12.72 ദശലക്ഷം ചതുരശ്രയടിയിൽ പരന്നുകിടക്കുന്ന രാജ്യത്തെ പ്രമുഖമായ ഐടി ഹബ്ബില്‍ 490 കമ്പനികളാണ് പ്രവര്‍ത്തിക്കുന്നത്. 75,000 പ്രത്യക്ഷ ജോലിയും രണ്ട് ലക്ഷത്തോളം നേരിട്ടല്ലാത്ത ജോലിയും നല്‍കി.
സംസ്ഥാനത്തെ ഊര്‍ജസ്വലമായ ഐ.ടി ആവാസവ്യവസ്ഥയുടെയും ഇവിടെ പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ ബിസിനസ് കാഴ്ച്ചപ്പാടിന്‍റെയും പ്രൊഫഷണലിസത്തിന്‍റെയും കരുത്ത് തെളിയിക്കുന്നതാണ് ഈ മികവാര്‍ന്ന പ്രകടനമെന്ന് ടെക്നോപാര്‍ക്ക് സി.ഇ.ഒ കേണല്‍ സഞ്ജീവ് നായര്‍ (റിട്ട) വ്യക്തമാക്കി. ടെക്നോപാര്‍ക്കിലെ അടിസ്ഥാന സൗകര്യങ്ങളും വൈദഗ്ധ്യമുള്ള ജീവനക്കാരും നിര്‍ണായക നേട്ടം കൈവരിക്കുന്നതില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്.