പത്തനംതിട്ട : എയ്ഡഡ് സ്കൂൾ അധ്യാപികയായ ഭാര്യയ്ക്ക് പതിനാല് വർഷമായി ശമ്പളം ലഭിക്കാത്ത മനോവേദനയിൽ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഓഫിസിലെ പിഎ എൻ ജി അനിൽകുമാർ, സൂപ്രണ്ട് എസ് ഫിറോസ്, സെക്ഷൻ ക്ലർക്ക് ആർ ബിനി എന്നിവരെയാണ് അന്വേഷണ വിധേയമായി പൊതുവിദ്യാഭ്യാസ ഡയറക്ടർ സസ്പെൻഡ് ചെയ്തത്.
സ്കൂളിലെ പ്രധാന അധ്യാപികയെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യാൻ മാനേജ്മെന്റിന് നിർദേശം നൽകിയെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി അറിയിച്ചു.പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസ് പരിധിയിലുള്ള നാറാണംമൂഴി സെന്റ് ജോസഫ് ഹൈസ്കൂളിലെ അധ്യാപികയുടെ യുപിഎസ്ടി തസ്തികയിലെ നിയമനം ഉപാധികളോടെ അംഗീകരിച്ചുകൊണ്ട് ഹൈക്കോടതി 2024 നവംബർ 26ന് ഉത്തരവിറക്കിയിരുന്നു.
എന്നാൽ ഡിഇഒ ഓഫീസിൽ നിന്ന് തുടർനടപടി ഉണ്ടായില്ല. മകന്റെ എൻജിനിയറിങ് പ്രവേശനത്തിന് പണം കണ്ടെത്താനുള്ള നെട്ടോട്ടത്തിലായിരുന്നു ഷിജോ. ഭാര്യയുടെ മുടങ്ങിക്കിടക്കുന്ന ശമ്പളംകൂടി ലഭിച്ചാൽ ഇതിന് പണം കണ്ടെത്താമെന്ന പ്രതീക്ഷയുണ്ടായിരുന്നു. അതുകൂടി ഇല്ലാതായതോടെയാണ് ആത്മഹത്യയെന്നും കുടുംബം പറഞ്ഞു.
ചട്ടപ്രകാരം നടപടി സ്വീകരിക്കണെന്ന് ജനുവരി 17ന് ജില്ലാ ഓഫീസർക്ക് സർക്കാരും നിർദേശം നൽകി. എന്നാൽ ഉത്തരവിൽ തീരുമാനമെടുക്കാതെ പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ പി എ സൂപ്രണ്ട്, സെക്ഷൻ ക്ലർക്ക് എന്നിവർ വീഴ്ച വരുത്തിയെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ടിൽ പറയുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.