
കുന്ദമംഗലം: സ്‌കൂളിലെത്തുന്ന വിദ്യാർഥികളുടെ മാനസിക ഉല്ലാസത്തിനായി സ്വന്തം ചെലവിൽ ഊഞ്ഞാലുകളൊരുക്കി മാതൃകയായിരിക്കുകയാണ് കാരന്തൂർ മർകസ് ഗേൾസ് സ്കൂളിലെ അധ്യാപകർ. 'കുട്ടിക്കൊപ്പം വിദ്യാലയം' എന്ന തനത് പദ്ധതിയുടെ ഭാഗമായായി സ്കൂളിൽ വിദ്യാർഥി സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിനായാണ് പ്രിൻസിപ്പലും ഹെഡ്മാസ്റ്ററും അധ്യാപകരും സ്വയം സ്പോൺസർ ചെയ്ത് ഊഞ്ഞാലുകൾ തയ്യാറാക്കിയിരിക്കുന്നത്.
പ്രിൻസിപ്പൽ ഫിറോസ് ബാബു, പ്രധാനാധ്യാപകൻ നിയാസ് ചോല, റിട്ടയർ ചെയ്ത മുൻ പ്രധാനധ്യാപിക ആഇശ ബീവി, അധ്യാപികമാരായ സുബൈദ, സാജിത, ഷബീന തുടങ്ങിയവരാണ് ഈ മാതൃകാ പദ്ധതിക്കായി ഊഞ്ഞാലുകൾ സ്പോൺസർ ചെയ്തത്. ഊഞ്ഞാലുകൾ വാർഡ് മെമ്പർ ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.
സന്തോഷമുള്ള ഇടങ്ങളിൽ മാത്രമാണ് പഠനവും സന്തോഷകരമാവുകയെന്ന ചിന്തയാണ് ഈ പദ്ധതിക്ക് പിന്നിലെ പ്രചോദനമെന്ന് പ്രിൻസിപ്പൽ ഫിറോസ് ബാബു പറഞ്ഞു. കുട്ടികളുടെ പഠനഭാരം കുറക്കാനും മാനസിക ഉന്മേഷം ഉറപ്പുവരുത്താനും ഈ പദ്ധതിയിലൂടെ സാധിക്കുമെന്ന് പ്രധാനാധ്യാപകൻ നിയാസ് ചോല പറഞ്ഞു. പിടിഎ, എം പി ടി എ, രക്ഷിതാക്കൾ എന്നിവരുടെയെല്ലാം കൂട്ടായ പ്രവർത്തനത്തിലൂടെയാണ് പദ്ധതി സാധ്യമാക്കിയത്. ഊഞ്ഞാൽ സമർപ്പണ ചടങ്ങിൽ പിടിഎ പ്രസിഡന്റ് അബ്ദുറഹിമാൻ എം, ഷാജി കാരന്തൂർ, ഷംസുദ്ദീൻ, ഷമീർ മാസ്റ്റർ, നവാസ് എന്നിവർ സംബന്ധിച്ചു.