അധ്യാപക നിയമനം ; ഭിന്നശേഷിക്കാരുടെ പേരിൽ വിദ്യാഭ്യാസ മന്ത്രി നുണ പറയുന്നുവെന്ന് പി.കെ ഫിറോസ് |Pk firos

സംസ്ഥാന സർക്കാരിനെതിരെ കേരളത്തിലെ ക്രൈസ്തവ സഭകൾ ഉന്നയിക്കുന്ന പ്രശ്നങ്ങൾ തീർത്തും ന്യായം.
P K Firoz
Published on

തിരുവനന്തപുരം : ഭിന്നശേഷി അധ്യാപകരുടെ നിയമനത്തിന്റെ പേരിൽ ആയിരക്കണക്കിന് അധ്യാപക നിയമനങ്ങളുടെ അംഗീകാരം വൈകിപ്പിക്കുന്ന സർക്കാർ നടപടി അവസാനിപ്പിക്കണമെന്ന് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ ഫിറോസ്. എയ്ഡഡ് സ്‌കൂളുകളിലെ നിയമനാംഗീകാരം നിഷേധിക്കുന്ന സംസ്ഥാന സർക്കാരിനെതിരെ കേരളത്തിലെ ക്രൈസ്തവ സഭകൾ ഉന്നയിക്കുന്ന പ്രശ്നങ്ങൾ തീർത്തും ന്യായമാണെന്ന് ഫിറോസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം....

എയ്ഡഡ് സ്‌കൂളുകളിലെ നിയമനാംഗീകാരം നിഷേധിക്കുന്ന സംസ്ഥാന സർക്കാരിനെതിരെ കേരളത്തിലെ ക്രൈസ്‌തവ സഭകൾ ഉന്നയിക്കുന്ന പ്രശ്‌നങ്ങൾ തീർത്തും ന്യായമാണ്. ഭിന്നശേഷി അധ്യാപക നിയമനമെന്ന ന്യായം പറഞ്ഞാണ് ആയിരക്കണക്കിന് അധ്യാപകർക്ക് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നൽകാതെ അംഗീകാരം സർക്കാർ തടഞ്ഞിട്ടുള്ളത്. എന്നാൽ ഭിന്നശേഷിക്കാർക്കായി പോസ്റ്റുകൾ ഒഴിച്ചിടുകയും നിയമനം നൽകാൻ ഒരുക്കമാണെന്നറിയിച്ചിട്ടും ഭിന്നശേഷിക്കാരുടെ പേര് പറഞ്ഞ് വിദ്യാഭ്യാസമന്ത്രി നിരന്തരമായി നുണ പറയുകയാണ്.

നിയമനാംഗീകാരം തേടി എൻ. എസ്. എസ് സുപ്രിംകോടതിയെ സമീപിച്ചപ്പോൾ അധ്യാപകർക്ക് അംഗീകാരം കൊടുക്കണമെന്ന് സർക്കാരിനോട് സുപ്രീം കോടതി നിർദ്ദേശിച്ചു. ഭിന്നശേഷിക്കാർക്കായി പോസ്റ്റ് ഒഴിച്ചിടുന്ന എല്ലാ സ്കൂളുകളിലെയും അധ്യാപകർക്ക് അംഗീകാരം നൽകാനായിരുന്നു സുപ്രിംകോടതി വിധി. എന്നാൽ എൻ. എസ്.എസിൻ്റെ സ്കൂളുകളിലെ അധ്യാപകർക്ക് മാത്രം അംഗീകാരം നൽകാനാണ് സർക്കാർ തീരുമാനിച്ചത്. ഇത് പച്ചയായ വിവേചനമല്ലേ? മറ്റ് സ്‌കൂളുകളിലെ അധ്യാപകരൊന്നും മനുഷ്യരല്ലേ?

ക്രൈസ്തവ സഭകളുടെ സ്ഥാപനങ്ങൾക്ക് പുറമെ മുസ്‌ലിം, ഈഴവ, ദളിത് തുടങ്ങി ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങളിലെ അധ്യാപകരടക്കം ഇരുപത്തിഅയ്യായിരത്തിലേറെ അധ്യാപകരാണ് അംഗീകാരത്തിനായി കാത്ത് നിൽക്കുന്നത്. സുപ്രീം കോടതി ഉത്തരവ് പ്രകാരം തങ്ങൾക്ക് കൂടി അംഗീകാരം കിട്ടണമെന്നാവശ്യപ്പെട്ട് കേരള ഹൈക്കോടതിയെ മേൽ പറഞ്ഞ അധ്യാപകർ സമീപിച്ചപ്പോൾ കൂടുതൽ സമയം ചോദിച്ച് അംഗീകാരം കൊടുക്കുന്നത് നീട്ടിക്കൊണ്ടു പോകാനാണ് സർക്കാർ ശ്രമിച്ചത്.

ആറ് മാസത്തെ സാവകാശം ചോദിച്ച സർക്കാറിന് രണ്ട് മാസത്തെ സമയമാണ് ഹൈകോടതി അനുവദിച്ചത്. ആ സമയം കഴിഞ്ഞിട്ടിപ്പോൾ രണ്ട് മാസമായി. ഒരനക്കവുമില്ല.

സർക്കാറിൻ്റെ ഇരട്ടത്താപ്പ് പകൽ പോലെ വ്യക്തമാണ്. എൻ. എസ്. എസിൻ്റെ സ്ഥാപനങ്ങളിലെ അധ്യാപകർക്ക് അംഗീകാരം നൽകിയത് നല്ലത് തന്നെ. എന്നാൽ നീതി എൻ. എസ്.എസ്സിനു മാത്രമായി പോകുകയും മറ്റുള്ളവർക്ക് അത് നിഷേധിക്കുകയും ചെയ്യുന്നത് ഒരു നിലക്കും അംഗീകരിക്കാനാവില്ല. സർക്കാരിൻ്റെ ഇത്തരം വിവേചനത്തിനെതിരായി പ്രതിഷേധങ്ങൾ ഉയർത്തുക തന്നെ ചെയ്യും.

Related Stories

No stories found.
Times Kerala
timeskerala.com