

കോട്ടയം: ഈരാറ്റുപേട്ട കാരക്കാട് എം.എം.എം.യു.എം യുപി സ്കൂളിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കാട്ടാമല സ്വദേശി സക്കീറിന്റെ മകൻ മിസ്ബാഹ് സക്കീറിനാണ് (10) മർദനമേറ്റത്. കുട്ടിയുടെ വലത്തെ തോളെല്ലിനാണ് പൊട്ടലേറ്റത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമുള്ള പരീക്ഷയ്ക്കിടെ ചോദ്യപ്പേപ്പറിലെ സംശയം ചോദിച്ചപ്പോൾ അധ്യാപകനായ സന്തോഷ് എം. ജോസ് മിസ്ബാഹിന്റെ തോളിൽ ശക്തിയായി ഇടിക്കുകയായിരുന്നു.
സ്കൂൾ വിട്ട് വൈകീട്ട് അഞ്ചുമണിയോടെ വീട്ടിലെത്തിയ കുട്ടി തോളിന് കടുത്ത വേദനയുണ്ടെന്ന് അറിയിച്ചു. തുടർന്ന് ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ എക്സ്-റേ പരിശോധനയിലാണ് തോളെല്ലിന് പൊട്ടലുണ്ടെന്ന് കണ്ടെത്തിയത്.
സംഭവം വിവാദമായതോടെ സ്കൂൾ മാനേജ്‌മെന്റ് കമ്മിറ്റി അടിയന്തര യോഗം ചേർന്ന് അധ്യാപകൻ സന്തോഷ് എം. ജോസിനെ സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചു. സ്കൂൾ മാനേജർ കെ.എ. മുഹമ്മദ് അഷ്റഫാണ് ഇക്കാര്യം അറിയിച്ചത്. മാതാപിതാക്കളുടെ പരാതിയെത്തുടർന്ന് ഈരാറ്റുപേട്ട പോലീസ് ആശുപത്രിയിലെത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. പ്രാഥമിക അന്വേഷണത്തിന് ശേഷം അധ്യാപകനെതിരെ കേസെടുക്കുമെന്ന് എസ്.എച്ച്.ഒ കെ.ജെ. തോമസ് അറിയിച്ചു.
വിദ്യാർത്ഥികൾക്ക് നേരെ അധ്യാപകർ നടത്തുന്ന ഇത്തരം അതിക്രമങ്ങൾക്കെതിരെ നാട്ടുകാരും രക്ഷിതാക്കളും കടുത്ത പ്രതിഷേധത്തിലാണ്.