തിരുവനന്തപുരം : പതിനാലുകാരിയായ വിദ്യർഥിനിയെ പീഡിപ്പിച്ച കേസിൽ ജാമ്യമെടുത്ത് മുങ്ങിയ പ്രതി 25 വർഷത്തിനുശേഷം പൊലീസ് പിടിയിൽ. നീറമൺകര സ്വദേശി മുത്തുകുമാറി(49) നെയാണ് വഞ്ചിയൂർ പൊലീസ് ചെന്നൈയിൽ നിന്നും അറസ്റ്റ് ചെയ്തത്.
2001ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. അന്ന് 24 വയസ്സുള്ള മുത്തുകുമാർ ട്യൂഷൻ അധ്യാപകനായിരുന്നു. കുട്ടിയെ ഇയാൾ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. വൈകിട്ട് കുട്ടി വീട്ടിലെത്താത്തതിനെ തുടർന്ന് മാതാപിതാക്കൾ പോലീസിൽ പരാതി നൽകി. തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്‌തെങ്കിലും മൂന്ന് മാസം കഴിഞ്ഞ് ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. പലവട്ടം അന്വേഷിച്ചിട്ടും പൊലീസിന് കണ്ടെത്താനായില്ല. 2004ൽ ഇയാൾക്കെതിരെ വാറന്റ് പുറപ്പെടുവിപ്പിച്ചു.
കുറച്ച് നാൾ മുമ്പ് ഇയാൾ ഹൈക്കോടതിയിൽ ജാമ്യ ഹർജി നൽകിയതോടെയാണ് പൊലീസ് വീണ്ടും അന്വേഷണം നടത്തിയത്. തുടർന്ന് വഞ്ചിയൂർ പോലീസ് നടത്തിയ അന്വേഷണത്തിൽ ഇയാൾ ചെന്നൈയിലുണ്ടെന്ന് മനസ്സിലായി. പ്രതിയുടെ അമ്മയും ബന്ധുക്കളും തെങ്കാശിയിലാണ് താമസം. ഇവരുടെ ഫോൺ, ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് പരിശോധിച്ചപ്പോൾ ചെന്നൈയിൽ നിന്ന് ഫോൺ കോളുകൾ ബന്ധുക്കൾക്ക് വരുന്നെന്ന് മനസ്സിലാക്കി.
തുടർന്നാണ് പൊലീസ് ചെന്നൈയിലെത്തിയത്. ചെന്നൈയിലെത്തിയ മുത്തുകുമാർ ആദ്യം ഒരു വിവാഹം കഴിച്ചു. തുടർന്ന് അത് ഉപേക്ഷിച്ച് മറ്റൊരും ക്രിസ്ത്യൻ യുവതിയെ വിവാഹം കഴിച്ചതോടെ പേര് സാം എന്ന് മാറ്റി പാസ്റ്ററായി ജീവിക്കുകയായിരുന്നു. ഒരാഴ്ചയോളം നിരീക്ഷിച്ച ശേഷമാണ് ഇയാളെ വഞ്ചിയൂർ പൊലീസ് പിടികൂടി അറസ്റ്റ് രേഖപ്പെടുത്തി റിമാൻഡ് ചെയ്തത്.