സഹകരണ സംഘങ്ങളിലെ നിക്ഷേപ പലിശയ്ക്ക് TDS ബാധകം: ആദായ നികുതി ഭേദഗതി ഹൈക്കോടതി ശരിവച്ചു | TDS

സഹകരണ സംഘങ്ങളുടെ സംഘടന ഡിവിഷൻ ബെഞ്ചിനെ സമീപിക്കാൻ ഒരുങ്ങുകയാണ്.
TDS applicable on investment interest in cooperative societies, High Court upholds income tax amendment
Published on

കൊച്ചി : വാർഷിക ടേണോവർ 50 കോടിയിലധികമുള്ള പ്രാഥമിക സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങളുടെ പലിശയ്ക്ക് ടി.ഡി.എസ് ബാധകമാക്കിയ കേന്ദ്രസർക്കാർ ഭേദഗതി കേരള ഹൈക്കോടതി ശരിവെച്ചു. 2020-ൽ ആദായനികുതി നിയമത്തിൽ കൊണ്ടുവന്ന ഭേദഗതി ചോദ്യം ചെയ്ത് മുന്നൂറിലധികം പ്രാഥമിക സഹകരണ സംഘങ്ങൾ നൽകിയ ഹർജികൾ ജസ്റ്റിസ് എ.എ. സിയാദ് റഹ്‌മാൻ തള്ളി.(TDS applicable on investment interest in cooperative societies, High Court upholds income tax amendment)

നികുതിയുടെ കാര്യത്തിൽ പ്രാഥമിക സഹകരണ സംഘങ്ങൾക്ക് അനുവദിച്ചിരുന്ന ചില ഇളവുകൾ ഇല്ലാതാക്കുന്നതാണ് ഭേദഗതി എന്ന സഹകരണ സംഘങ്ങളുടെ വാദം കോടതി തള്ളി. ആദായനികുതി നിയമത്തിന്റെ അടിസ്ഥാനംതന്നെ വരുമാനത്തിന്റെ അടിസ്ഥാനത്തിൽ നികുതി നിശ്ചയിക്കുന്നതാണ്. അതിനാൽ ഭേദഗതിയിൽ ഇടപെടാൻ കാരണമില്ലെന്ന് ഹൈക്കോടതി വിലയിരുത്തി.

ടി.ഡി.എസിന്റെ കാര്യത്തിൽ നേരത്തേ പുറപ്പെടുവിച്ച ഇടക്കാല ഉത്തരവുകൾ ഹൈക്കോടതി അന്തിമമാക്കിയതിനാൽ, ടി.ഡി.എസ്. മുൻകാല പ്രാബല്യത്തോടെ പിടിക്കില്ല. ഭൂരിപക്ഷം സഹകരണ സംഘങ്ങളുടെയും വിറ്റുവരവ് 50 കോടിയിലധികമാണെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. കൂടാതെ, പ്രാഥമിക സഹകരണ സംഘങ്ങൾ നിക്ഷേപങ്ങൾ അപെക്സ് സൊസൈറ്റിയായ കേരള ബാങ്ക് അക്കൗണ്ടിലാണ് നിക്ഷേപിക്കുന്നത്. കേരള ബാങ്കിന്റെ ടേണോവർ 50 കോടിയിലധികമാണ്. അതിനാൽ എല്ലാ സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങൾക്കും ടി.ഡി.എസ്. ബാധകമാകുമെന്നും ഇത് ബുദ്ധിമുട്ടുണ്ടാക്കുമെന്നും ഹർജിക്കാർ വാദിച്ചു.

എങ്കിലും, ടേണോവർ 50 കോടിയിലധികമുള്ള സഹകരണ സംഘങ്ങൾക്ക് ടി.ഡി.എസ്. ബാധകമാക്കിയതിൽ തെറ്റില്ലെന്ന് ഹൈക്കോടതി അന്തിമമായി വിലയിരുത്തുകയായിരുന്നു. ഹൈക്കോടതി ഉത്തരവിനെതിരെ സഹകരണ സംഘങ്ങളുടെ സംഘടന ഡിവിഷൻ ബെഞ്ചിനെ സമീപിക്കാൻ ഒരുങ്ങുകയാണ്.

Related Stories

No stories found.
Times Kerala
timeskerala.com