തിരുവനന്തപുരം: തമ്പാനൂരിൽ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ടാറ്റൂ ആർട്ടിസ്റ്റ് അറസ്റ്റിൽ. കുറുവക്കോണത്ത് ടാറ്റൂ സ്റ്റുഡിയോ നടത്തുന്ന റോബിൻ ജോൺ ആണ് അറസ്റ്റിലായത്.(Tattoo artist arrested for threatening at gunpoint )
ഞായറാഴ്ച രാത്രി തമ്പാനൂരിലെ ബാറിൽ നിന്ന് മദ്യപിച്ച ശേഷം റോബിൻ കാറോടിച്ച് പോകുന്നതിനിടെ ഒരു ഇരുചക്രവാഹനത്തിൽ ഇടിച്ചു. ഇതേത്തുടർന്ന് സ്ഥലത്ത് വാക്കുതർക്കം ഉണ്ടായി. ഇരുചക്രവാഹന യാത്രക്കാരനെ പിന്തുണച്ച് ഓട്ടോറിക്ഷാ ഡ്രൈവർമാർ അടക്കമുള്ളവർ രംഗത്തെത്തി.
സ്ഥലത്ത് ആളുകൾ കൂടിയതോടെ റോബിൻ കൈവശമുണ്ടായിരുന്ന തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്നവർ അറിയിച്ചതിനെ തുടർന്ന് പോലീസ് ഉടൻ സ്ഥലത്തെത്തി റോബിനെ കസ്റ്റഡിയിലെടുത്തു.
റോബിൻ ഹാജരാക്കിയിട്ടില്ലെങ്കിലും, തോക്കിന് ലൈസൻസ് ഉണ്ടെന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞിട്ടുള്ളത്. എന്നാൽ, ലൈസൻസ് ഉണ്ടെങ്കിലും ഇല്ലെങ്കിലും വധശ്രമം ഉൾപ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസെടുത്തിട്ടുള്ളതെന്ന് അധികൃതർ വ്യക്തമാക്കി.