എറണാകുളം: ആന്ധ്രാപ്രദേശിലെ അനകാപള്ളിയിൽ ടാറ്റാനഗർ - എറണാകുളം ജംഗ്ഷൻ സൂപ്പർഫാസ്റ്റ് എക്സ്പ്രസിന് (18189) തീപിടിച്ചു. ഇന്ന് പുലർച്ചെയുണ്ടായ അപകടത്തിൽ രണ്ട് എസി കോച്ചുകൾ പൂർണ്ണമായും കത്തിനശിച്ചു. ട്രെയിനിലുണ്ടായിരുന്ന ഒരു യാത്രക്കാരൻ മരിച്ചതായാണ് പ്രാഥമിക റിപ്പോർട്ട്.70 വയസുകാരനാണ് മരിച്ചതെന്നാണ് വിവരം. (Tatanagar - Ernakulam Express catches fire, One dead)
അനകാപള്ളി ജില്ലയിലെ യെലമഞ്ചലി സ്റ്റേഷന് സമീപം ട്രെയിൻ എത്തിയപ്പോഴാണ് കോച്ചുകളിൽ നിന്ന് തീ പടർന്നത്. ട്രെയിനിലെ B1, M2 എന്നീ കോച്ചുകൾക്കാണ് തീപിടിച്ചത്. തീപടരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ട്രെയിൻ നിർത്തുകയും കോച്ചുകളിലുണ്ടായിരുന്ന 158 യാത്രക്കാരെയും സുരക്ഷിതമായി പുറത്തിറക്കുകയും ചെയ്തു. റെയിൽവേ ഉദ്യോഗസ്ഥരുടെ ദ്രുതഗതിയിലുള്ള ഇടപെടൽ മൂലം വൻ ദുരന്തമാണ് ഒഴിവായത്.
വിവരമറിഞ്ഞ് രണ്ട് അഗ്നിശമന യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കിയത്. നിരവധി മലയാളികൾ യാത്ര ചെയ്തിരുന്ന ട്രെയിനാണിത്.