
കൊച്ചി: തൊഴില്‍ ദാതാക്കളുടെ കൂട്ടത്തില്‍ ഇന്ത്യയിലെ ഏറ്റവും ആകര്‍ഷകമായ ബ്രാന്‍ഡ് ടാറ്റാ ഗ്രൂപ്പെന്ന് റാന്‍സ്റ്റഡ് എംപ്ലോയര്‍ ബ്രാന്‍ഡ് റിസര്‍ച്ചിന്‍റെ (ആർഇബിആര്‍) കണ്ടെത്തലുകള്‍ വെളിപ്പെടുത്തി. ലോകത്തിലെ എംപ്ലോയര്‍ ബ്രാന്‍ഡുകളെ കുറിച്ച് ഏറ്റവും സമഗ്രവും സ്വതന്ത്രവും ആഴത്തിലുള്ളതുമായ പഠനങ്ങളാണ് ബിഇബിആര്‍ നടത്തുന്നത്.
സാമ്പത്തിക ആരോഗ്യം, തൊഴില്‍ പുരോഗതിക്കുള്ള അവസരങ്ങള്‍, സൽപേര് തുടങ്ങി ജീവനക്കാര്‍ ഏറ്റവും കൂടുതല്‍ മൂല്യം കല്‍പിക്കുന്ന മൂന്നു ഘടകങ്ങളില്‍ ടാറ്റാ ഗ്രൂപ് വളരെ ഉയര്‍ന്ന സ്കോര്‍ ആണ് കൈവരിച്ചത്. ഗൂഗിള്‍ ഇന്ത്യ രണ്ടാം സ്ഥാനത്തും ഇന്‍ഫോസിസ് മൂന്നാം സ്ഥാനത്തും എത്തി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഏറ്റവും മികച്ച പത്ത് തൊഴില്‍ദായക ബ്രാന്‍ഡുകളുടെ പട്ടികയില്‍ ഇടം പിടിച്ച ഏക ഇന്ത്യന്‍ പൊതുമേഖലാ ബാങ്ക് ആയി മാറി എന്നതാണ് ഈ വര്‍ഷത്തെ റിപ്പോര്‍ട്ടിലെ മറ്റൊരു സവിശേഷത.
തൊഴില്‍ശേഷിയുള്ള കഴിവുകള്‍ നേടിയ സമൂഹത്തിനിടയില്‍ ഉയര്‍ന്നു വരുന്ന മുന്‍ഗണനകള്‍ വിശദമായി പ്രതിപാദിക്കുന്നതാണ് ബിഇബിആര്‍ റിപോര്‍ട്ടിന്‍റെ 15-ാമത് ഇന്ത്യന്‍ പതിപ്പും 25-ാമത് ആഗോള പതിപ്പും. 34 വിപണികളില്‍ നിന്നായി 170,000 പേരുടെ പ്രതികരണത്തിന്‍റെ അടിസ്ഥാനത്തിലാണ് ഈ പഠനം. ഇന്ത്യയില്‍ നിന്നുള്ള 3500-ല്‍ ഏറെ പേരും ഇതില്‍ പെടുന്നു.
ശമ്പളത്തില്‍ ഉപരിയായ പ്രതീക്ഷകള്‍ വെച്ചു പുലര്‍ത്തുന്നതാണ് ഇന്നത്തെ തൊഴിൽ സമൂഹമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. വ്യക്തിപരമായും പ്രൊഫഷണലായും ഉയര്‍ച്ച സാധ്യമാക്കുന്ന പിന്തുണയാണ് അവര്‍ തൊഴിലിടങ്ങളില്‍ നിന്നു പ്രതീക്ഷിക്കുന്നത്.
വൈവിധ്യമാര്‍ന്ന മേഖലകളില്‍ നിന്നുള്ള പത്ത് തൊഴില്‍ദായക ബ്രാന്‍ഡുകളാണ് ഈ വര്‍ഷത്തെ ഏറ്റവും മികച്ചവയുടെ നിരയില്‍ ഇടം പിടിച്ചിട്ടുള്ളത്. തൊഴില്‍ദായകര്‍ക്കിടയിലുള്ള ശക്തമായ മല്‍സരം ചൂണ്ടിക്കാട്ടുന്നതാണിത്. ടാറ്റാ ഗ്രൂപ്പ്, ഗൂഗിള്‍ ഇന്ത്യ, ഇന്‍ഫോസിസ്, സാംസംഗ് ഇന്ത്യ, ജെപി മോര്‍ഗന്‍ ചേസ്, ഐബിഎം, വിപ്രോ, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഡെല്‍ ടെക്നോളജീസ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ െന്നിവയാണ് ആദ്യ പത്തു സ്ഥാനങ്ങളിലുള്ള കമ്പനികള്‍.
വൈദഗ്ദ്ധ്യമുള്ളവരുടെ മേഖലയിലൂടെ അവലോകനങ്ങള്‍ നടത്തി മുന്നോട്ടു പോകാന്‍ സ്ഥാപനങ്ങള്‍ക്ക് അനിവാര്യമായ ഒരു വഴികാട്ടിയായി റാന്‍സ്റ്റഡ് എംപ്ലോയര്‍ ബ്രാന്‍ഡ് റിസര്‍ച്ച് തുടരുകയാണെന്ന് റാന്‍സ്റ്റഡ് ഇന്ത്യയുടെ മാനേജിങ് ഡയറക്ടറും സിഇഒയുമായ പി.എസ്. വിശ്വനാഥ് പറഞ്ഞു. ഇന്നത്തെ തൊഴില്‍ സേനയിലുണ്ടായിരിക്കുന്ന മാറ്റങ്ങള്‍ കൃത്യമായി പ്രതിഫലിപ്പിക്കുന്നതാണ് 2025-ലെ കണ്ടെത്തലുകള്‍. പരമ്പരാഗത ജോലികളില്‍ അവര്‍ ഇപ്പോള്‍ സംതൃപ്തരല്ല. ഇക്വിറ്റി, അര്‍ത്ഥവത്തായ വളര്‍ച്ച, ജീവിതവും ജോലിയും തമ്മിലുള്ള സന്തുലനം തുടങ്ങിയ അവര്‍ വലിയ പ്രാധാന്യത്തോടെ കാണുന്നു എന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി.