
താനൂർ കസ്റ്റഡി മരണ കേസിൽ സിബിഐക്ക് വീണ്ടും താമിർ ജിഫ്രിയുടെ കുടുംബം പരാതി നൽകി. കേസിലെ ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് പരാതി സമർപ്പിച്ചത്. സിബിഐ വിവരങ്ങൾ അറിയിക്കുന്നില്ലെന്ന് കുടുംബം ആരോപണം ഉന്നയിച്ചു. കേസ് നാലു പേരിൽ ഒതുക്കരുതെന്ന് കുടുംബം പറഞ്ഞു.
കേസിൽ ഉന്നത ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിക്കണമെന്ന് കുടുംബം ആവശ്യം ഉന്നയിച്ചു. സിബിഐ ഗൂഢാലോചന അന്വേഷിച്ചില്ലങ്കിൽ ഹൈക്കോടതിയെ സമീപിക്കുമെന്ന് താമിർ ജിഫ്രിയുടെ കുടുംബം അറിയിച്ചു. മുൻ എസ്പി സുജിത് ദാസിന്റെ ഫോൺ റെക്കോർഡിങ്ങും പിവി അൻവറിന്റെ ആരോപണങ്ങളുടെയും അടിസ്ഥാനത്തിലാണ് കുടുംബം വീണ്ടും പരാതി നൽകിയത്. താനൂർ കസ്റ്റഡി മരണത്തിന് ഒരു വർഷം പൂർത്തിയാകുമ്പോഴാണ് കുടുംബം വീണ്ടും സിബിഐയെ സമീപിച്ചിരിക്കുന്നത്.