
തിരുവനന്തപുരം: സമഗ്രശിക്ഷാ കേരളയ്ക്കുള്ള (എസ്.എസ്.കെ.) 1500 കോടി രൂപയുടെ കേന്ദ്രഫണ്ട് തടഞ്ഞുവെച്ച വിഷയത്തിൽ കേരളം നിയമപോരാട്ടം നടത്താത്തതിനെതിരെ വിമർശനം. ഫണ്ട് തടഞ്ഞതിനെ തുടർന്ന്, പി.എം. ശ്രീ പദ്ധതി നടപ്പാക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് വാദിക്കുകയാണ്. എന്നാൽ, സമാനമായ സാഹചര്യത്തിൽ നിയമപോരാട്ടം നടത്തി തമിഴ്നാട് ഈ മാസം ആദ്യം സുപ്രീംകോടതിയുടെ ഇടപെടലിലൂടെ ഫണ്ട് നേടിയെടുത്തു.(Tamil Nadu won funds by fighting a legal battle)
സമഗ്രശിക്ഷയ്ക്ക് 2152 കോടി രൂപയുടെ കേന്ദ്രഫണ്ട് ലഭിക്കാത്തതിനാൽ തമിഴ്‌നാട് സ്വകാര്യവിദ്യാലയങ്ങളിലെ വിദ്യാഭ്യാസ അവകാശ നിയമമനുസരിച്ചുള്ള (ആർ.ടി.ഇ.) 25 ശതമാനം വിദ്യാർഥി പ്രവേശനം നിർത്തിവെച്ചിരുന്നു. ഈ വിഷയം മദ്രാസ് ഹൈക്കോടതിയിലും തുടർന്ന് സുപ്രീംകോടതിയിലും എത്തുകയായിരുന്നു.
തുടർന്ന്, രണ്ട് അധ്യയനവർഷങ്ങളിലായി ആർ.ടി.ഇ. ഘടകത്തിൽ സമഗ്രശിക്ഷയ്ക്ക് തടഞ്ഞുവെച്ച 700 കോടിയിലേറെ രൂപ കേന്ദ്രസർക്കാർ തമിഴ്നാടിന് അനുവദിച്ചു.
എസ്.എസ്.കെ. ഫണ്ട് തടഞ്ഞതിൽ കോടതിയെ സമീപിക്കാൻ സംസ്ഥാന സർക്കാരിൻ്റെ ഭാഗത്ത് നിന്ന് ആലോചന വന്നിരുന്നെങ്കിലും, അത് സമയം പാഴാക്കലാണെന്ന് പറഞ്ഞ് ഉദ്യോഗസ്ഥതലത്തിൽ എതിർപ്പുയർന്നെന്നാണ് വിവരം.
2023-24-ൽ എസ്.എസ്.കെ. ഫണ്ട് തടഞ്ഞപ്പോൾ, പി.എം. ശ്രീ പദ്ധതി നടപ്പാക്കാമെന്ന് കേരളം കേന്ദ്രത്തിന് കത്തയച്ചിരുന്നു. എന്നാൽ, ധാരണാപത്രം ഒപ്പിടാത്തതിൻ്റെ പേരിൽ കേന്ദ്രം പണം നൽകാതെ പിന്മാറുകയായിരുന്നു. പി.എം. ശ്രീ നടപ്പാക്കാത്തതിനാലാണ് എസ്.എസ്.കെയ്ക്ക് ഫണ്ട് നിഷേധിക്കുന്നതെന്ന് കേന്ദ്രം ഇതുവരെ രേഖാമൂലം അറിയിച്ചിട്ടില്ല. ഈ സാഹചര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കാൻ ഇപ്പോഴും സംസ്ഥാന സർക്കാരിന് മുന്നിൽ സാധ്യതകളുണ്ട്.