കെഫോണിനെ മാതൃകയാക്കാനൊരുങ്ങി തമിഴ്‌നാട്; പഠനം നടത്താന്‍ ടാന്‍ഫിനെറ്റ് ടീമെത്തി

K-Fon
Published on

കേരളത്തിന്റെ അഭിമാന പദ്ധതിയായ കെഫോണിനെപ്പറ്റി പഠനം നടത്താനും മാതൃകയാക്കി പദ്ധതി നടപ്പാക്കാനുമൊരുങ്ങി തമിഴ്‌നാട്. സംസ്ഥാന സര്‍ക്കാര്‍ വിജയകരമായി നടപ്പാക്കിയ കേരളത്തിന്റെ സ്വന്തം ഇന്റര്‍നെറ്റ് പദ്ധതിയായ കെഫോണ്‍ പദ്ധതിയെപ്പറ്റി പഠനം നടത്താന്‍ തമിഴ്‌നാട് ഫൈബര്‍ നെറ്റ് കോര്‍പ്പറേഷന്‍ (ടാന്‍ഫിനെറ്റ്) ടീം കെഫോണ്‍ ഓഫീസുകളില്‍ സന്ദര്‍ശനം നടത്തുകയും കെഫോണ്‍ ടീമുമായി ചര്‍ച്ച നടത്തുകയും ചെയ്തു. കെഫോണിനെ പ്രതിനിധീകരിച്ച് കെഫോണ്‍ എം.ഡി ഡോ. സന്തോഷ് ബാബു ഐ.എ.എസ് (റിട്ട.), സി.ടി.ഒ മുരളി കിഷോര്‍ ആര്‍.എസ്, സി.എസ്.ഒ ബില്‍സ്റ്റിന്‍ ഡി. ജിയോ, ഡി.ജി.എം മധു എം. നായര്‍ തുടങ്ങിയവരുമായി ടാന്‍ഫിനെറ്റ് ടീം ചര്‍ച്ച നടത്തി. ടാന്‍ഫിനെറ്റ് സി.ടി.ഒ അജിത്ത് പോള്‍, മാര്‍ക്കറ്റിങ്ങ് ഹെഡ് ബാല സുബ്രമണ്യന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ടാന്‍ഫിനെറ്റ് ടീം കെഫോണ്‍ സന്ദര്‍ശനം നടത്തിയത്.

കെഫോണ്‍ പദ്ധതി പ്രാവര്‍ത്തികമാക്കിയ രീതി, ഒരു ലക്ഷത്തിലധികം ഉപഭോക്താക്കളെ ആകര്‍ഷിച്ച പ്രവര്‍ത്തന പദ്ധതി, ട്രാഫിക് എന്‍ജിനീയറിങ്ങ്, പദ്ധതിയുടെ ഗുണഫലങ്ങള്‍, ബിസ്‌നസ് മോഡല്‍, കെഫോണ്‍ പദ്ധതിയുടെ ആര്‍ക്കിടെക്ചര്‍ മികവ്, നെറ്റുവര്‍ക്ക് ഓപ്പറേറ്റിങ്ങ് സെന്റര്‍ (NOC) ഹെല്‍പ്പ് ഡസ്‌ക് മാനേജ്‌മെന്റ്, ട്രാഫിക്ക് യൂട്രിലൈസേഷന്‍, കെഫോണ്‍ നെറ്റുവര്‍ക്കിന്റെ വളര്‍ച്ച, കസ്റ്റമര്‍ ആന്‍ഡ് നെറ്റുവര്‍ക്ക് എസ്.എല്‍.എ (സര്‍വീസ് ലെവല്‍ എഗ്രിമെന്റ്) മീറ്റിങ്ങ്, നെറ്റുവര്‍ക്ക് അപ്ഗ്രഡേഷന്‍, കസ്റ്റമര്‍ കംപ്ലയിന്റ്‌സ് മാനേജ്‌മെന്റ് തുടങ്ങിയവയാണ് പ്രധാനമായും ടാന്‍ഫിനെറ്റ് ടീം കെഫോണില്‍ നിന്ന് കണ്ടറിഞ്ഞ് മനസിലാക്കാനെത്തിയത്. കൂടാതെ കെഫോണ്‍ ആസ്ഥാനം, നെറ്റുവര്‍ക്ക് ഓപ്പറേറ്റിങ്ങ് സെന്റര്‍ (നോക്ക്), നെറ്റുവര്‍ക്ക് ഇന്‍ഫ്രാസ്ട്രക്ചര്‍ കണ്ടറിയാന്‍ ഫില്‍ഡും പോയിന്റ് ഓഫ് പ്രസന്‍സ് (POP) കേന്ദ്രങ്ങളും ടാന്‍ഫിനെറ്റ് ടീം സന്ദര്‍ശിച്ചു.

കേരളത്തിന്റെ സ്വന്തം ഇന്റര്‍നെറ്റായ കെഫോണിന്റെ വളര്‍ച്ച നമുക്കേവര്‍ക്കും അഭിമാനിക്കാവുന്നതാണെന്നും മറ്റ് സംസ്ഥാനങ്ങള്‍ കെഫോണിനെ മാതൃകയാക്കുന്നത് ഏറെ സന്തോഷം നല്‍കുന്നതാണെന്നും കെഫോണ്‍ എം.ഡി ഡോ. സന്തോഷ് ബാബു ഐ.എ.എസ് (റിട്ട.) പറഞ്ഞു. നൂതന സാങ്കേതികവിദ്യയും ഏറ്റവും പുതിയ ഉപകരണങ്ങളും ഉപയോഗിച്ച് മികച്ച നെറ്റുവര്‍ക്കാണ് കെഫോണ്‍ ഒരുക്കിയിരിക്കുന്നത്. കുറഞ്ഞ നിരക്കില്‍ മികച്ച വേഗതയില്‍ ഇന്റര്‍നെറ്റ് നല്‍കിക്കൊണ്ട് സംതൃപ്തരായ ഉപഭോക്താക്കളുമായാണ് കെഫോണിന്റെ കുതിപ്പ്. രാജ്യമെങ്ങും ചര്‍ച്ചയാകുന്ന തരത്തിലുള്ള കെഫോണിന്റെ ഈ വളര്‍ച്ച കേരളത്തിനാകെ അഭിമാനാര്‍ഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
Times Kerala
timeskerala.com