
കോയമ്പത്തൂര്‍ : സ്വകാര്യ ബസായ റോബിന് പൂട്ടിട്ട് തമിഴ്‌നാട് മോട്ടോര്‍ വാഹന വകുപ്പ്.പത്തനംതിട്ടയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് സര്‍വീസ് നടത്തുന്ന റോബിന്‍ ബസ് തമിഴ്‌നാട് റോഡ് ടാക്‌സ് അടച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി.
തന്റെ ബസിന് ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് ഉണ്ടെന്നും, അതുകൊണ്ടുതന്നെ നികുതി അടയ്ക്കില്ലെന്നുമുള്ള നിലപാടാണ് റോബിന്‍ ബസിന്റെ ഉടമയായ ഗിരീഷ് സ്വീകരിച്ചിരിക്കുന്നത്. മോട്ടോര്‍ വാഹന വകുപ്പ് അധികൃതരുടെ നടപടികള്‍ക്കെതിരെ കോടതിയെ സമീപിക്കുമെന്നുമാണ് ഗിരീഷ് പറഞ്ഞത്. പത്തനംതിട്ടയില്‍ നിന്ന് കോയമ്പത്തൂരിലേക്കുള്ള സര്‍വീസിനിടെ കോയമ്പത്തൂരില്‍ വെച്ചാണ് ഉദ്യോഗസ്ഥര്‍ ബസ് കസ്റ്റഡിയില്‍ എടുത്തത്.
ഓള്‍ ഇന്ത്യ ടൂറിസ്റ്റ് ബസ് പെര്‍മിറ്റില്‍ കോയമ്പത്തൂര്‍ ബോര്‍ഡ് വെച്ച് സ്റ്റാന്റുകള്‍ തോറും കയറി ഇറങ്ങി ആളുകളെ എടുത്ത് സര്‍വീസ് നടത്തിയതിന് പിഴ ഉള്‍പ്പെടെയുള്ള നടപടികളാണ് ഈ ബസ്സിനെതിരെ സ്വീകരിച്ചിട്ടുള്ളത്.
പെര്‍മിറ്റ് ലംഘനത്തിന്റെ പേരില്‍ കേരളത്തിലും റോബിന്‍ ബസ് പിടിച്ചെടുത്തിട്ടുണ്ട്. പിന്നീട് ഈ വിഷയം കോടതിക്ക് മുന്നില്‍ എത്തുകയും 82,000 രൂപ പിഴയൊടുക്കി കോടതി വാഹനം ഉടമയ്ക്ക് കൈമാറുകയും ചെയ്യുകയായിരുന്നു.