കോഴിക്കോട് : അശ്ലീല സന്ദേശമയച്ചുവെന്നതടക്കം രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയ്‌ക്കെതിരെയുള്ള ആരോപണങ്ങൾക്ക് പിന്നാലെ തന്നെ സമൂഹ മാധ്യമങ്ങൾ വഴി അപമാനിക്കുന്നതായി കാട്ടി ടി സിദ്ദിഖ് എം എൽ എയുടെ ഭാര്യ ഷറഫുന്നിസ പോലീസിൽ പരാതി നൽകി. (T Siddique's Wife Files Police Complaint Against Social Media Defamation)
രാഹുലിനൊപ്പം ഷറഫുന്നിസയും മകനും ഇരിക്കുന്ന ഫോട്ടോയെ മോശമായി ചിത്രീകരിച്ചുവെന്നാണ് ഇതിൽ പറയുന്നത്. കോഴിക്കോട് ജില്ലാ പൊലീസ് മേധാവിക്കാണ് പരാതി നൽകിയിരിക്കുന്നത്. ഇത് ശശികല റഹീം, കെ.കെ ലതിക, ബിവിജ കാലിക്കറ്റ് എന്നീ പ്രൊഫൈലുകൾക്കെതിരെയാണ്.
രാഷ്ട്രീയ വിവാദങ്ങളിലേക്ക് തങ്ങളെ എന്തിനാണ് വലിച്ചിഴയ്ക്കുന്നത് എന്നാണ് അവർ ചോദിക്കുന്നത്. ഏതു ചീഞ്ഞു നാറിയ കഥകള്‍ക്കൊപ്പവും ചേർത്ത് അപഹസിക്കാൻ ഉള്ളതല്ല തൻ്റെ കുടുംബവും ജീവിതവും എന്നും അവർ പറയുന്നു. യോജിക്കാൻ കഴിയാതെ വരുന്ന സാഹചര്യത്തിൽ ബന്ധം പിരിയുന്നതും പുതിയ പങ്കാളി ഉണ്ടാകുന്നതും മറ്റാരുടെ ജീവിതത്തിലും നടന്നിട്ടില്ലേയെന്ന് അവർ ആരാഞ്ഞു.