Schools : 'വയനാട്ടിലെ സ്കൂളിൽ പഠിപ്പിക്കാൻ അധ്യാപകരില്ല, ദയനീയ കാഴ്ച്ച': T സിദ്ദിഖ് MLA

എല്ലാ മേഖലയിലും വയനാടിനെ അരികുവൽക്കരിക്കുന്നത് അംഗീകരിക്കാൻ കഴിയില്ല എന്നാണ് അദ്ദേഹം പറഞ്ഞത്
Schools : 'വയനാട്ടിലെ സ്കൂളിൽ പഠിപ്പിക്കാൻ അധ്യാപകരില്ല, ദയനീയ കാഴ്ച്ച': T സിദ്ദിഖ് MLA
Published on

വയനാട് : വയനാട്ടിലെ വിദ്യാഭ്യാസ പ്രതിസന്ധി ശരിക്കും ആശങ്കാജനകമാണ് എന്ന് പറഞ്ഞ് ടി സിദ്ദിഖ് എം എൽ എ. അധ്യാപക ക്ഷാമം മൂലം രക്ഷിതാക്കൾ തന്നെ പഠിപ്പിക്കേണ്ട സ്ഥിതിയാണെന്നും, പ്രത്യേകിച്ച് ആദിവാസി കുട്ടികളും പിന്നോക്ക വിഭാഗങ്ങളിൽപ്പെട്ട കുട്ടികളും പഠിക്കുന്ന സ്കൂളുകളിൽ ആണ് ഈ സ്ഥിതി ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമൂഹ മാധ്യമത്തിലൂടെയാണ് അദ്ദേഹത്തിൻ്റെ പ്രതികരണം. (T Siddique MLA about schools in Wayanad)

"വയനാട്ടിലെ വാളവയൽ സ്കൂളിലും, അതിരാറ്റുകുന്ന് സ്കൂളിലും, പുളിഞ്ഞാൽ സ്കൂളിലും പഠിപ്പിക്കാൻ അധ്യാപകരില്ല..! രക്ഷിതാക്കളും അധ്യാപകരും ചേർന്ന് പിരിവെടുത്ത് എല്ലാ വിഷയവും രക്ഷിതാക്കളിൽ ചിലരെ അധ്യാപികരാക്കിക്കൊണ്ട് പഠിപ്പിക്കുന്ന ദയനീയ കാഴ്ച്ചയാണ് ഇവിടെ. ആദിവാസി കുട്ടികളടക്കം പിന്നോക്ക വിഭാഗത്തിൽപ്പെട്ട കുട്ടികൾ പഠിക്കുന്ന സ്കൂളുകളുടെ അവസ്ഥയാണിത്. സർക്കാരോ വിദ്യാഭ്യാസ വകുപ്പോ അറിഞ്ഞ ഭാവം കാണിക്കുന്നില്ല." അദ്ദേഹം കൂട്ടിച്ചേർത്തു.

എല്ലാ മേഖലയിലും വയനാടിനെ അരികുവൽക്കരിക്കുന്നത് അംഗീകരിക്കാൻ കഴിയില്ല എന്നും, എത്രയും പെട്ടെന്ന് സർക്കാർ ഇടപെട്ട് പരിഹാരം കാണണം എന്നും പറഞ്ഞ എം എൽ എ, ലാഭകരമല്ലാത്ത സ്കൂളുകൾ എന്ന പേരിൽ സംസ്ഥാനത്ത് പ്രത്യേകിച്ച് മലബാറിൽ വ്യാപകമായി സ്കൂളുകൾ അടച്ച് പൂട്ടുകയാണ് എന്നും ചൂണ്ടിക്കാട്ടി. ഒരു വിദ്യാർത്ഥി ആണെങ്കിൽ പോലും സ്കൂൾ നില നിർത്തേണ്ടത് സർക്കാരിന്റെ കടമയാണ് എന്നും, അടിസ്ഥാന വിദ്യാഭ്യാസം ലാഭം നോക്കി നടത്തേണ്ട ഒന്നല്ല, വിദ്യാഭ്യാസം അവകാശമാണ് എന്നും അദ്ദേഹം തുറന്നടിച്ചു.

"വയനാടിന്റെ പിന്നോക്കാവസ്ഥയ്ക്ക് വിദ്യാഭ്യാസ മേഖലയിലെ പിന്നോക്കാവസ്ഥ വലിയ കാരണമാണ്. അത് പരിഹരിച്ചേ മതിയാവൂ… വയനാടിന്റെ സമഗ്ര വികസനത്തിന് ഗുണനിലവാരമുള്ള വിദ്യാഭ്യാസം അനിവാര്യമാണ്" എം എൽ എ വ്യക്തമാക്കി.​​​​​​​​​​​​​​​​

Related Stories

No stories found.
Times Kerala
timeskerala.com