

കൊച്ചി: 1898-ൽ സ്ഥാപിതമായ സ്വതന്ത്ര സ്വിസ് പൈതൃക വാച്ച് നിർമ്മാതാക്കളായ ഓഗസ്റ്റ് റയ്‌മണ്ടിന്‍റെ ഇന്ത്യൻ വിപണിയിലെ അരങ്ങേറ്റവും തങ്ങളുമായുള്ള എക്‌സ്‌ക്ലൂസീവ് പങ്കാളിത്തവും ടൈറ്റൻ കമ്പനി ലിമിറ്റഡിന്‍റെ ഹീലിയോസ് ലക്‌സ് ബ്രാൻഡ് പ്രഖ്യാപിച്ചു.
ഹീലിയോസ് ലക്‌സുമായുള്ള എക്സ്ക്ലൂസിവ് സഹകരണത്തോടെ ഇന്ത്യയിലേക്ക് ആദ്യമായി എത്തുന്ന ഓഗസ്റ്റ് റയ്‌മണ്ട്, 127 വർഷത്തെ വാച്ച് നിർമ്മാണ പാരമ്പര്യത്തില്‍ നിന്നും ആർജ്ജിച്ച മികവോടെ കൈകൊണ്ട് നിർമ്മിച്ചതും അസംബിൾ ചെയ്തതും വ്യക്തിഗതമായി നമ്പർ ചെയ്‌തതുമായ വാച്ചുകളാണ് വിപണിയില്‍ എത്തിക്കുന്നത്. ഇന്ത്യയിലെത്തുന്ന മോഡലുകളിൽ മുഖ്യ ആകർഷണം ഹീറോ മോഡൽ ഒറിജിൻ ലൂണാർ വാച്ചാണ്. ഇതിന് ചന്ദ്രോപരിതലം പോലുള്ള സങ്കീർണ്ണമായ കൊത്തുപണികളും അതിമനോഹരമായ, തിളക്കം നൽകുന്ന സൂപ്പർ-ലുമിനോവ ബെസലും ഉണ്ട്. ഈ വാച്ചുകൾക്ക് ശക്തി പകരുന്നത് പ്രശസ്തമായ ഹാൻഡ്-വൗണ്ട് യൂണിറ്റാസ് കാലിബർ ആണ്.
ഒറിജിൻ, യൂണിറ്റി, ഹെറിറ്റേജ് 1898, മാഗലൻ എന്നീ നാല് കളക്ഷനുകളിലായി 23 വാച്ചുകളാണ് ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. കോർ റേഞ്ചിലുള്ള 21 വാച്ചുകൾക്ക് 1.3 ലക്ഷം മുതൽ 2.5 ലക്ഷം രൂപ വരെയാണ് വില. ഒറിജിൻ ശേഖരത്തിലെ രണ്ട് സ്റ്റേറ്റ്മെന്‍റ് വാച്ചുകള്‍ക്ക് 4.5 ലക്ഷവും 7.5 ലക്ഷവുമാണ് വില. എല്ലാ വാച്ചുകളും കൈകൊണ്ട് നിർമ്മിച്ചതും അസംബിൾ ചെയ്തതും വ്യക്തിഗതമായി നമ്പർ ചെയ്തതും പരിമിത എണ്ണം മാത്രം നിർമ്മിക്കുന്നതുമാണ്. ഇന്ത്യയിൽ ഹീലിയോസ് ലക്‌സ് വഴി മാത്രമായിരിക്കും ഇവ ലഭിക്കുക.
സൗന്ദര്യശാസ്ത്രം, ഉയർന്ന ഹൊറോളജി, മൂല്യം എന്നിവയ്‌ക്ക് പ്രാധാന്യം നൽകിയാണ് ഹീലിയോസ് ലക്‌സ് ഉപഭോക്താക്കള്‍ക്ക് വാച്ചുകള്‍ ലഭ്യമാക്കുന്നത്. പരിചയസമ്പന്നരായ വാച്ച് കളക്‌ടർമാർക്കും തങ്ങളുടെ വ്യക്തിത്വത്തിന്‍റെ വിപുലീകരണമായി വാച്ചുകള്‍ ശേഖരിക്കാൻ ആഗ്രഹിക്കുന്ന വ്യക്തികൾക്കും ഒരുപോലെ ആകർഷകമാകുന്ന രീതിയിലാണ് വാച്ചുകളുടെ ശേഖരം ഒരുക്കിയിരിക്കുന്നത്.
ഓഗസ്റ്റ് റയ്‌മണ്ടിനെ ഹീലിയോസ് ലക്‌സിലൂടെ ഇന്ത്യയിൽ എക്സ്ക്ലൂസീവായി അവതരിപ്പിക്കുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ടെന്ന് ടൈറ്റൻ കമ്പനി ലിമിറ്റഡ് വാച്ചസ് ഡിവിഷൻ വൈസ് പ്രസിഡന്‍റും ചീഫ് സെയിൽസ് ആന്‍റ് മാർക്കറ്റിംഗ് ഓഫീസറുമായ രാഹുൽ ശുക്ല പറഞ്ഞു. ഇന്നത്തെ ഉപഭോക്താക്കൾ അവർ ധരിക്കുന്ന ഉൽപ്പന്നങ്ങൾക്ക് പിന്നിലെ ആധികാരികത, കരകൗശല വൈദഗ്ദ്ധ്യം, അർത്ഥവത്തായ കഥകൾ എന്നിവ വർധിച്ച തോതിൽ തേടുന്നവരാണ്. 'അക്സസ്സിബിൾ ലക്ഷ്വറി' വിഭാഗത്തിലെ ഇത്തരം ഉപഭോക്താക്കള്‍ക്കായുള്ള കേന്ദ്രമായിട്ടാണ് ഹീലിയോസ് ലക്‌സിനെ ഞങ്ങൾ വിഭാവനം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഞങ്ങളുടെ യാത്രയിൽ ഒരു പ്രധാന നാഴികക്കല്ലാണ് ഇന്ത്യയെന്നും അതിലേക്ക് നയിച്ച ഹീലിയോസ് ലക്‌സുമായുള്ള പങ്കാളിത്തത്തിൽ ഞങ്ങൾ അഭിമാനിക്കുന്നുവെന്നും ഓഗസ്റ്റ് റയ്‌മണ്ടിന്‍റെ ചീഫ് ഇൻഫർമേഷൻ ഓഫീസറും ഡെപ്യൂട്ടി സിഇഒയുമായ സുന്ദർ ക്ലിംഗെൻബർഗ് പറഞ്ഞു. മികച്ച കരകൗശല വൈദഗ്ധ്യത്തോടെ പരിമിതമായ എണ്ണം വാച്ചുകള്‍ മാത്രം ഉത്പാദിപ്പിക്കുന്നവർ എന്ന നിലയിൽ, പുതുമ, പൈതൃകം, മെക്കാനിക്കൽ വാച്ച് നിർമ്മാണം എന്നിവയെ ഇഷ്ടപ്പെടുന്ന വാച്ച് പ്രേമികൾക്ക് ഞങ്ങൾ തനതായ വ്യതിരിക്തത വാഗ്ദാനം ചെയ്യുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.