

തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരളത്തിലെ തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലെ തീരങ്ങളിൽ നാളെ (നവംബർ 5, 2025) രാത്രി 11.30 വരെ കടലാക്രമണത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്. ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) ആണ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചത്.(Swell surge alert on Kerala coast, Warning to tourists and fishermen)
ഈ തീരങ്ങളിൽ 0.7 മീറ്റർ മുതൽ 1.0 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ട്. തിരുവനന്തപുരത്ത് കാപ്പിൽ മുതൽ പൊഴിയൂർ വരെയും, കോഴിക്കോട് ചോമ്പാല മുതൽ രാമനാട്ടുകര വരെയും ഉള്ള തീരങ്ങളിലാണ് കള്ളക്കടൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുള്ളത്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ബീച്ച് പ്രവർത്തനങ്ങൾ ഒഴിവാക്കുക: ഇൻകോയിസ് മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണ്ണമായി ഒഴിവാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണ്ണമായും ഒഴിവാക്കുക.
സുരക്ഷാ മുൻകരുതലുകൾ: കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദ്ദേശാനുസരണം മാറി താമസിക്കണം.
മത്സ്യബന്ധന നിയന്ത്രണം: ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഒഴിവാക്കേണ്ടതാണ്. ഉയർന്ന തിരമാലകൾ സാധ്യതയുള്ള ഘട്ടത്തിൽ മത്സ്യബന്ധന യാനങ്ങൾ കടലിലേക്ക് ഇറക്കുന്നതും കരയ്ക്കടുപ്പിക്കുന്നതും ഒഴിവാക്കണം.
യാനങ്ങളുടെ സുരക്ഷ: മത്സ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാൻ വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കണം.
തീരശോഷണ സാധ്യത: തീരശോഷണത്തിനു സാധ്യതയുള്ളതിനാൽ തീരദേശവാസികൾ പ്രത്യേകം ജാഗ്രത പുലർത്തുക.