
ആലപ്പുഴ: ആവേശത്തിന്റെ കൊടുമുടിയേറിയ മത്സരത്തിൽ ഓളപ്പരപ്പിലെ രാജാവായി വീയപുരം. നടുഭാഗം ചുണ്ടൻ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. വില്ലേജ് ബോട്ട് ക്ലബ് കൈനകരിയാണ് വീയപുരം ചുണ്ടന്‍ വള്ളം തുഴഞ്ഞത്. നടുഭാഗം ചുണ്ടന്‍ തുഴഞ്ഞത് പുന്നമട ബോട്ട് ക്ലബ്ബാണ്. ഹീറ്റ്സിൽ മികച്ച സമയം കുറിച്ച നടുഭാഗം, നിരണം, മേല്‍പ്പാടം, വീയപുരം ചുണ്ടന്‍ വള്ളങ്ങളാണ് ഫൈനലില്‍ ഏറ്റുമുട്ടിയത്.വീയപുരമെന്ന അപ്പർകുട്ടനാടൻ ഗ്രാമത്തിന്റെ ഒത്തൊരുമയിൽ പിറന്ന വീയപുരം ചുണ്ടൻ 2019ൽ ആണ് നീരണിയുന്നത്. കോഴിമുക്ക് സാബു നാരായണൻ ആചാരിയാണ് സ്രഷ്‌ടാവ്. 2022 നെഹ്‌റുട്രോഫിയിൽ പുന്നമട ബോട്ട് ക്ലബ്ബിന്റെ കരുത്തിൽ മൂന്നാമതായി. 2023ൽ പള്ളത്തുരുത്തി ബോട്ട് ക്ലബ്ബിലൂടെ നെഹ്‌റുട്രോഫി. 2024 വിബിസിയിലൂടെ കൈനകരിയിലെത്തേണ്ട നെഹ്‌റുട്രോഫി നഷ്‌ടമായത് മൈക്രോ സെക്കൻഡുകൾക്കായിരുന്നു.