പാലക്കാട്: ലൈംഗികാരോപണങ്ങൾക്ക് പിന്നാലെ പാർട്ടി പ്രാഥമികാംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്ത രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ കോൺഗ്രസ് യോഗത്തിൽ പങ്കെടുത്തു. പാലക്കാട് കണ്ണാടി മണ്ഡലം കോൺഗ്രസ് യോഗത്തിലാണ് രാഹുൽ പങ്കെടുത്തത്. തെരഞ്ഞെടുപ്പിൻ്റെ ഭാഗമായി ചേർന്ന യോഗത്തിൽ കോൺഗ്രസ് മണ്ഡലം നേതാക്കൾ പങ്കെടുത്തു.
അതെ സമയം, യോഗമല്ല നടന്നതെന്നും രാഷ്ട്രീയം ചർച്ച ചെയ്തു എന്നുമാണ് രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചത്. പുറത്താക്കുന്നത് വരെ കോൺഗ്രസ് ഔദ്യോഗിക ഓഫീസുകളിൽ കയയും. താൻ ഒരു യോഗത്തിലും പങ്കെടുത്തിട്ടില്ല. നേതാക്കളുമായി വർത്തമാനം പറഞ്ഞു അത്ര മാത്രം. സസ്‌പെൻഷനിലായി കഴിഞ്ഞാൽ താൻ വേറെ പാർട്ടിയുടെ ആളാണോ?. യോഗം ചേർന്നാൽ ചേർന്നുവെന്ന് പറയും. നടക്കാത്ത യോഗത്തെ പറ്റി എങ്ങനെ പറയാൻ സാധിക്കും. തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ സ്ഥാനാർത്ഥികളെ ജയിപ്പിക്കാനായി തന്നാൽ കഴിയുന്നതെല്ലാം ചെയ്യുമെന്നും രാഹുൽ പറഞ്ഞു.
കണ്ണാടിയിലെ കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് പ്രസാദ്, മണ്ഡലം ഭാരവാഹികളായ വിനേഷ്, കരുണാകരൻ, റിനിൽ, സെൽവൻ ഉൾപ്പെടെയുള്ള നേതാക്കൾ രാഹുലിനൊപ്പം കോൺഗ്രസ് യോഗത്തിൽ പങ്കെടുത്തു. പരിപാടികളിൽ രാഹുൽ പങ്കെടുക്കുന്നതിൽ കോൺഗ്രസിലെ ഒരു വിഭാഗം നേതൃത്വത്തെ അതൃപ്തി അറിയിച്ചിട്ടുണ്ട്.