
താനൂർ : വിസ തട്ടിപ്പ് കേസിലെ പ്രതി കസ്റ്റഡിയിൽ. കണ്ണൂർ മമ്മക്കുന്ന് വാഴയിൽ ഫലീലി(51)നെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് വിസ നൽകാമെന്ന് പറഞ്ഞ് കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലാണ് പോലീസ് നടപടി.
കണ്ണൂർ ജില്ലയിൽ സമാനമായ കേസിൽ ഉൾപ്പെട്ട് കണ്ണവം പൊലീസിന്റെ പിടിയിലായി കണ്ണൂർ സബ്ജയിൽ റിമാൻഡിൽ കഴിയുകയാണ് ഫലീൽ. നിരവധി വിവാഹം കഴിച്ച് മുങ്ങി നടക്കുന്നതിൽ ഒട്ടേറെ പരാതികൾ ഇയാൾക്കെതിരെയുണ്ട്.
പ്രതി താനൂർ സ്വദേശികളായ നിരവധി ആളുകളെ സമീപിച്ച് വിദേശജോലിക്കായി പണം കൈപ്പറ്റിയിരുന്നു. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി പോലീസ് തെളിവെടുപ്പ് നടത്തി.