കാർ തിരികെ ചോദിച്ച ഉടമയെ ബോണറ്റിൽ കിടത്തി കിലോ മീറ്ററുകളോളം ഡ്രൈവിംഗ്: പ്രതി അറസ്റ്റിൽ | Car

കാർ ലഭിക്കാതെ വന്നപ്പോൾ സോളമൻ പോലീസിൽ പരാതിപ്പെട്ടു
 Suspect arrested for driving for kilometers while owner lays on bonnet after asking for car back
Published on

തൃശൂർ: വാടകയ്‌ക്കെടുത്ത കാർ തിരികെ ചോദിച്ച ഉടമയെ കാറിന്റെ ബോണറ്റിൽ കിടത്തി കിലോമീറ്ററുകളോളം അശ്രദ്ധമായി വാഹനമോടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. തൃശൂർ പോട്ടോർ സ്വദേശി അബൂബക്കറിനെ (57) എരുമപ്പെട്ടി പോലീസ് ആണ് അറസ്റ്റ് ചെയ്തത്. മകളുടെ വിവാഹ ആവശ്യത്തിനെന്ന വ്യാജേനയാണ് ഇയാൾ കാർ വാടകയ്‌ക്കെടുത്തത്.(Suspect arrested for driving for kilometers while owner lays on bonnet after asking for car back)

വെള്ളിയാഴ്ച രാവിലെ കടങ്ങോട് പഞ്ചായത്തിലെ തിപ്പിലശ്ശേരിയിലാണ് നാടകീയമായ സംഭവം അരങ്ങേറിയത്. കഴിഞ്ഞ ഒക്ടോബർ 21-നാണ് ആലുവ സ്വദേശിയും എറണാകുളത്ത് മെട്രോ പരിസരത്ത് കാർ വാടകയ്ക്ക് നൽകുന്ന സ്ഥാപനം നടത്തുന്നയാളുമായ സോളമന്റെ കൈയ്യിൽ നിന്ന് അബൂബക്കർ കാർ വാടകയ്ക്ക് എടുത്തത്.

വാടക കാലാവധി കഴിഞ്ഞിട്ടും കാർ തിരികെ ലഭിക്കാതെ വന്നതോടെ സോളമൻ കാറിൽ ഘടിപ്പിച്ച ജി.പി.എസ്. വഴി വാഹനം തിപ്പിലശ്ശേരിയിൽ ഉണ്ടെന്ന് കണ്ടെത്തി. തുടർന്ന് സുഹൃത്തായ ഒരു വർക്ക്‌ഷോപ്പ് ഉടമയുമായി സോളമൻ സ്ഥലത്തെത്തി. കാർ തിരിച്ചുവാങ്ങാൻ ശ്രമിക്കുന്നതിനിടയിൽ, അബൂബക്കർ വാഹനം സ്റ്റാർട്ട് ആക്കി മുന്നോട്ടെടുത്തു. ഇതോടെ സോളമൻ ഓടിക്കൊണ്ടിരുന്ന വണ്ടിയുടെ മുൻവശത്തെ ബോണറ്റിൽ തൂങ്ങിക്കിടന്നു. കിലോമീറ്ററുകളോളമാണ് സോളമൻ ഈ അപകടകരമായ രീതിയിൽ സഞ്ചരിച്ചത്.

എരുമപ്പെട്ടി പോലീസ് സ്റ്റേഷന് സമീപത്ത് വെച്ച് നാട്ടുകാർ ഇടപെട്ട് വണ്ടി തടഞ്ഞു നിർത്തുകയും അബൂബക്കറിനെ പിടികൂടുകയുമായിരുന്നു. തുടർന്ന് ഇയാളെ എരുമപ്പെട്ടി പോലീസിന് കൈമാറി. കാർ വാടകയ്ക്ക് എടുത്തതിന് പിന്നാലെ അബൂബക്കർ സോളമനോട് പല കള്ളങ്ങളും പറഞ്ഞിരുന്നു. തിപ്പിലശ്ശേരിയിലുള്ള ഒരു സ്ഥലം കച്ചവടമാക്കി നൽകാം, അല്ലെങ്കിൽ കാർ വിൽപന ചെയ്തു തരാം എന്നൊക്കെയാണ് ഇയാൾ സോളമനോട് പറഞ്ഞിരുന്നത്.

കാർ ലഭിക്കാതെ വന്നപ്പോൾ സോളമൻ ആലുവ ബിനാനി സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. പരാതിക്ക് ശേഷം അബൂബക്കർ തൃശൂരിലെ ഒരു സ്വകാര്യ വർക്ക്‌ഷോപ്പിൽ വെച്ച് വണ്ടിയുടെ ജി.പി.എസ്. അഴിച്ചുമാറ്റാൻ ശ്രമിച്ചു. എന്നാൽ, ഈ വിവരം സോളമന്റെ ഫോണിലേക്ക് സന്ദേശമായി വന്നതിനെ തുടർന്ന് അദ്ദേഹം വർക്ക്‌ഷോപ്പ് ഉടമയെ ബന്ധപ്പെടുകയും കാറിനെ പിന്തുടരുകയുമായിരുന്നു.

അബൂബക്കർ കാറുമായി പെരിന്തൽമണ്ണയിൽ നിന്ന് തിപ്പിലശ്ശേരിയിൽ എത്തിയത് ജി.പി.എസ്. വഴി പിന്തുടർന്നാണ് സോളമന് കാർ പിടികൂടാൻ സാധിച്ചത്. അബൂബക്കറിന്റെ അറസ്റ്റിനുശേഷം, ഇയാളുടെ തട്ടിപ്പുകൾക്ക് ഇരയായ നിരവധി പേർ പരാതിയുമായി എരുമപ്പെട്ടി പോലീസ് സ്റ്റേഷനിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com