
കൊല്ലം : ജോലി വാഗ്ദാനം ചെയ്ത് കൊല്ലം സ്വദേശിയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ. പാലക്കാട് പട്ടാമ്പി കൊടുമുണ്ട വെളുത്തേടത്ത് തൊടിഹൗസിൽ മുഹമ്മദ് ഫായിസ് (25) ആണ് പിടിയിലായത്.
കൊല്ലം സ്വദേശിയുടെ വാട്‌സാപ്പിൽ പാർട് ടൈമായി ജോലിചെയ്ത് മികച്ച വരുമാനം നേടാമെന്നുള്ള സന്ദേശമയച്ച് വിശ്വസിപ്പിച്ച ശേഷം ഫീനിക്സ് മിൽ ലിമിറ്റഡ് എന്ന ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാക്കുകയായിരുന്നു.
കൂടുതൽ ലാഭമുണ്ടാക്കാമെന്നും നിർദേശിക്കുന്ന വിവിധ ടാസ്‌ക്കുകൾ പൂർത്തിയാക്കണമെന്നും വിശ്വസിപ്പിച്ചു. ഓരോ ടാസ്‌ക് പൂർത്തിയാക്കുമ്പോഴും അധികം ലാഭം കിട്ടിയതായി കാണിച്ച് കൂടുതൽ നിക്ഷേപം നടത്താൻ പ്രേരിപ്പിച്ചു. സംഘത്തിന്റെ വാഗ്ദാനം വിശ്വസിച്ച യുവാവ് 36 ലക്ഷത്തിലധികം രൂപയാണ് നൽകിയത്. പിന്നീട് നിക്ഷേപിച്ച തുകയോ ലാഭവിഹിതമോ പിൻവലിക്കാൻ കഴിയാതെ വന്നതോടെയാണ് തട്ടിപ്പ് മനസ്സിലായത്.
തട്ടിയെടുത്ത പണത്തിന്റെ ഒരുപങ്ക് മുഹമ്മദ് ഫായിസിന്റെ അക്കൗണ്ടിലും എത്തിയതായി പോലീസ് കണ്ടെത്തി. പണം ബാങ്കിൽ നിന്ന് പിൻവലിച്ച് തട്ടിപ്പു സംഘത്തിൽ ഉൾപ്പെട്ട മറ്റു പ്രതികൾക്ക് കൈമാറിയത് കണ്ടെത്തിയതിനെ തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. സംഘത്തിൽ ഉൾപ്പെട്ട മറ്റു പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കി പോലീസ്.