തിരുവനന്തപുരം: മൂന്നാമത്തെ ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ അറസ്റ്റിലായതിന് പിന്നാലെ പ്രതികരണവുമായി ആദ്യ പരാതിക്കാരി. "ദൈവത്തിന് നന്ദി" പറഞ്ഞു കൊണ്ടാണ് അതിജീവിത തന്റെ കുറിപ്പ് ആരംഭിക്കുന്നത്. "ഇരുട്ടിൽ അയാൾ ചെയ്ത പ്രവൃത്തികൾ ദൈവം കണ്ടു. ലോകത്തിന് മുന്നിലെത്താതിരുന്ന ആ നിലവിളികൾ ദൈവം കേട്ടു. എല്ലാ വേദനകളും വഞ്ചനകളും സഹിച്ച് മുന്നോട്ട് പോകാൻ ധൈര്യം നൽകിയതിന് നന്ദി" എന്ന് അതിജീവിത കുറിച്ചു.(Survivor's response after Rahul Mamkootathil's arrest in rape case)
തങ്ങളുടെ ശരീരം ആക്രമിക്കപ്പെട്ടപ്പോഴും കുഞ്ഞുങ്ങളെ ബലപ്രയോഗത്തിലൂടെ തട്ടിയെടുത്തപ്പോഴും ദൈവം ചേർത്തുപിടിച്ചുവെന്ന് പറഞ്ഞ അതിജീവിത, മാലാഖക്കുഞ്ഞുങ്ങൾ സ്വർഗത്തിൽ നിന്ന് തങ്ങളോട് ക്ഷമിക്കട്ടെ എന്നും വൈകാരികമായി കുറിച്ചു.
തെറ്റായ വ്യക്തിയെ വിശ്വസിച്ച്, ഒരു കുട്ടിയുടെ പിതാവാകാൻ യോഗ്യനല്ലാത്ത ഒരാളെ തിരഞ്ഞെടുത്തതിന് ക്ഷമ ചോദിക്കുന്നുവെന്നും, വീണ്ടും കണ്ടുമുട്ടുന്നതുവരെ നിങ്ങളെ ഹൃദയങ്ങളിൽ താലോലിക്കും എന്നും കുറിപ്പിലുണ്ട്. അക്രമത്തിൽ നിന്നും ഭയത്തിൽ നിന്നും കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ കഴിയാത്ത ഈ ലോകത്തിൽ നിന്ന് അവർ ഇപ്പോൾ സ്വതന്ത്രരാണെന്നും അവരുടെ ആത്മാക്കൾ സമാധാനത്തോടെ വിശ്രമിക്കട്ടെയെന്നും അതിജീവിത തന്റെ കുറിപ്പിലൂടെ പറയുന്നു.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള മൂന്നാമത്തെ ബലാത്സംഗക്കേസിൽ നിർണ്ണായക തെളിവുകൾ പുറത്ത്. പരാതിക്കാരിയായ യുവതി രാഹുലുമായി നടത്തിയ സാമ്പത്തിക ഇടപാടുകളുടെ രേഖകളും യുപിഐ ട്രാൻസാക്ഷൻ വിവരങ്ങളും പോലീസിന് കൈമാറി. യുവതിയുടെ പരാതിയിൽ ഇന്ന് പുലർച്ചെയാണ് രാഹുലിനെ പോലീസ് അറസ്റ്റ് ചെയ്തത്. രാഹുലിന് വിലകൂടിയ വാച്ചുകൾ, വസ്ത്രങ്ങൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ എന്നിവ വാങ്ങി നൽകിയതിൻ്റെ തെളിവുകൾ യുവതി കൈമാറി. ചെരിപ്പ് വാങ്ങാൻ മാത്രം പതിനായിരം രൂപ യുപിഐ വഴി രാഹുലിന് അയച്ചുകൊടുത്തതിൻ്റെ രേഖകളും ഇതിലുണ്ട്.
ഗർഭിണിയായപ്പോൾ പിതൃത്വത്തെ രാഹുൽ ചോദ്യം ചെയ്തതിനെ തുടർന്ന് യുവതി സ്വന്തം നിലയിൽ ഡിഎൻഎ പരിശോധനയ്ക്ക് തയ്യാറാവുകയും ഭ്രൂണത്തിൻ്റെ സാമ്പിൾ ശേഖരിക്കുകയും ചെയ്തിരുന്നു. ലാബിൽ നിന്ന് സാമ്പിൾ നൽകാൻ ആവശ്യപ്പെട്ടെങ്കിലും രാഹുൽ സഹകരിച്ചില്ല. ഈ സാമ്പിളുകൾ കേസിൽ നിർണ്ണായക ശാസ്ത്രീയ തെളിവാകും.
ഹോട്ടൽ മുറിയിൽ വെച്ച് ക്രൂരമായ ലൈംഗികാതിക്രമമാണ് നേരിട്ടതെന്ന് യുവതി പറയുന്നു. മുഖത്ത് അടിക്കുകയും തുപ്പുകയും ശരീരമാകെ മുറിവേൽപ്പിക്കുകയും ചെയ്തു. ഓവുലേഷൻ സമയമാണെന്ന് പറഞ്ഞിട്ടും കുഞ്ഞുണ്ടാകട്ടെ എന്ന് നിർബന്ധിച്ച് പീഡിപ്പിക്കുകയായിരുന്നു.
രാഹുലിൻ്റെ സമ്മർദ്ദവും ഭീഷണിയും മൂലം കടുത്ത മാനസിക വിഷമത്തിലാവുകയും തുടർന്ന് ഗർഭം അലസുകയും ചെയ്തു. വിവരം അറിയിക്കാൻ ശ്രമിച്ചപ്പോൾ ഫോണിലും ഇമെയിലിലും ബ്ലോക്ക് ചെയ്തു. രാഹുലിൻ്റെ സുഹൃത്ത് ഫെനി നൈനാനെയും വിവരം അറിയിച്ചിരുന്നു.
പാലക്കാട് ഉപതെരഞ്ഞെടുപ്പ് സമയത്ത് രാഹുൽ വീണ്ടും ബന്ധപ്പെട്ടതായും ഒരുമിച്ച് താമസിക്കാൻ ഫ്ലാറ്റ് വാങ്ങി നൽകണമെന്ന് ആവശ്യപ്പെട്ടതായും പരാതിയിലുണ്ട്. ഇതിനായി ഒരു പ്രമുഖ ബിൽഡർ ഗ്രൂപ്പിനെ ഇരുവരും സമീപിച്ചിരുന്നു. എന്നാൽ പീഡന പരാതികൾ പുറത്തുവന്നതോടെ താനും പരാതി നൽകുമെന്ന് ഭയന്ന രാഹുൽ, കുടുംബത്തെ ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി ആരോപിക്കുന്നു. പത്തനംതിട്ട എആർ ക്യാമ്പിലെ ചോദ്യം ചെയ്യലിന് ശേഷം വൈദ്യപരിശോധനയ്ക്ക് പിന്നാലെ ഇയാളെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കും.
എംഎൽഎയുടെ അറസ്റ്റിനെത്തുടർന്ന് പ്രതിഷേധ സാധ്യത കണക്കിലെടുത്ത് പത്തനംതിട്ടയിൽ കനത്ത പോലീസ് സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. എ.ആർ ക്യാമ്പ് പരിസരത്തും ജില്ലാ ആശുപത്രിയിലും കൂടുതൽ പോലീസിനെ വിന്യസിച്ചു. എസ്.പി ക്യാമ്പ് ഓഫീസിന് അടുത്തുള്ള മജിസ്‌ട്രേറ്റിന്റെ വസതിയിലായിരിക്കും രാഹുലിനെ ഹാജരാക്കുക എന്നാണ് വിവരം.
ശനിയാഴ്ച അർദ്ധരാത്രിയോടെ പാലക്കാട്ടെ കെ.പി.എം ഹോട്ടലിൽ നിന്ന് കസ്റ്റഡിയിലെടുത്ത രാഹുലിനെ പത്തനംതിട്ട എ.ആർ ക്യാമ്പിലെത്തിച്ച് ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പരാതിക്കാരി വിദേശത്താണ് എന്നാണ് സൂചന. നാളെ നാട്ടിൽ എത്തിയേക്കുമെന്നും വിവരങ്ങളുണ്ട്. ഇവരുടെ മൊഴിയെടുത്തത് വീഡിയോ കോൺഫറൻസ് വഴിയാണ്.
ഇന്നലെ അർദ്ധരാത്രി 12.30-ഓടെ കസ്റ്റഡിയിൽ എടുത്ത ഇയാളെ പുലർച്ചെ അറസ്റ്റ് ചെയ്തു. ബലാത്സംഗം, ഗർഭച്ഛിദ്രം, സാമ്പത്തിക ചൂഷണം എന്നിവയുൾപ്പെടെയുള്ള ഗുരുതരമായ വകുപ്പുകൾ ആണ് ചുമത്തിയിരിക്കുന്നത്. എസ്.പി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ആണ് കേസന്വേഷിക്കുന്നത്. സ്റ്റേറ്റ് ക്രൈംബ്രാഞ്ചിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലായിരുന്നു നീക്കങ്ങൾ. അതീവ രഹസ്യമായാണ് പോലീസ് നീക്കങ്ങൾ നടത്തിയത്. ലോക്കൽ പോലീസിനെ പോലും അറിയിക്കാതെയായിരുന്നു പരിശോധനയും കസ്റ്റഡിയും. രാഹുൽ താമസിച്ചിരുന്ന പാലക്കാട്ടെ ഹോട്ടൽ മുറി പോലീസ് നിരീക്ഷണത്തിലായിരുന്നു. തെളിവുകളെല്ലാം കൃത്യമായി ശേഖരിച്ച ശേഷമാണ് അറസ്റ്റ് നടപടികളിലേക്ക് പോലീസ് കടന്നത്. എംഎൽഎയുടെ അറസ്റ്റ് വിവരം അദ്ദേഹത്തിന്റെ അഭിഭാഷകരെ അറിയിച്ചിട്ടുണ്ട്.
ബലാത്സംഗ പരാതിയിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ പോലീസ് പിടികൂടിയത് അതീവ രഹസ്യമായ നീക്കങ്ങളിലൂടെ. ശനിയാഴ്ച അർദ്ധരാത്രി 12.30-ഓടെ പാലക്കാട്ടെ കെ.പി.എം ഹോട്ടലിൽ നിന്നാണ് ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘം എംഎൽഎയെ പിടികൂടിയത്ത്.
ഫ്ലാറ്റ് ഒഴിഞ്ഞ ശേഷം ഹോട്ടലിൽ താമസിക്കുകയായിരുന്ന രാഹുൽ എത്തിയ സമയം മുതൽ പോലീസ് നിരീക്ഷണത്തിലായിരുന്നു. രണ്ട് ജീപ്പുകളിലായെത്തിയ സംഘം ഹോട്ടലിൽ കയറിയ ഉടൻ റിസപ്ഷനിലുണ്ടായിരുന്ന ജീവനക്കാരുടെ ഫോണുകൾ പിടിച്ചെടുത്തു. തുടർന്ന് എംഎൽഎയുടെ മുറിയിലെത്തി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
ആദ്യം പുറത്തിറങ്ങാൻ വിസമ്മതിച്ച രാഹുൽ, അഭിഭാഷകനെ കാണാൻ സമയം ചോദിച്ചെങ്കിലും പോലീസ് അനുവദിച്ചില്ല. സഹായികൾ മുറിയിലില്ലാത്ത സമയം നോക്കിയായിരുന്നു പോലീസിന്റെ ഈ മിന്നൽ നീക്കം.
കസ്റ്റഡിയിലെടുത്ത ശേഷം രാഹുലിനെ എങ്ങോട്ടാണ് കൊണ്ടുപോയതെന്ന കാര്യത്തിൽ തുടക്കത്തിൽ വലിയ ആശയക്കുഴപ്പം നിലനിന്നിരുന്നു. ആലത്തൂരിലേക്ക് കൊണ്ടുപോകുന്നു എന്നാണ് പോലീസ് അറിയിച്ചതെന്ന് എംഎൽഎയുടെ പി.എ പറഞ്ഞുവെങ്കിലും അവിടെ എത്തിച്ചിരുന്നില്ല. ഒടുവിൽ പത്തനംതിട്ട പോലീസാണ് കസ്റ്റഡിയിലെടുത്തതെന്നും രാഹുലിനെ പത്തനംതിട്ടയിലേക്ക് കൊണ്ടുപോയതായും സ്ഥിരീകരിച്ചു.
രാഹുലിനെതിരെ രജിസ്റ്റർ ചെയ്യുന്ന മൂന്നാമത്തെ ബലാത്സംഗക്കേസാണിത്. ഇ-മെയിൽ വഴി യുവതി അയച്ച പരാതിയിലാണ് പുതിയ നടപടി. നിർബന്ധിത ഗർഭച്ഛിദ്രം, ബലാത്സംഗം, സാമ്പത്തിക ചൂഷണം. ആദ്യ കേസിൽ ഹൈക്കോടതി അറസ്റ്റ് തടഞ്ഞിരുന്നു. രണ്ടാമത്തെ കേസിൽ വിചാരണ കോടതിയിൽ നിന്ന് എംഎൽഎ മുൻകൂർ ജാമ്യം നേടിയിരുന്നു.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള മൂന്നാമത്തെ ബലാത്സംഗ പരാതിയിൽ അതീവ ഗുരുതരമായ ആരോപണങ്ങളാണ് ഉയരുന്നത്. യുവതി നൽകിയ ഇ-മെയിൽ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി. നിലവിൽ വിദേശത്തുള്ള പരാതിക്കാരിയുടെ മൊഴി വീഡിയോ കോൺഫറൻസിങ് വഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
സോഷ്യൽ മീഡിയ വഴിയാണ് രാഹുലിനെ പരിചയപ്പെടുന്നത്. വിവാഹബന്ധത്തിൽ പ്രശ്നങ്ങൾ നേരിടുന്ന സമയത്ത് സൗഹൃദം സ്ഥാപിച്ച രാഹുൽ, വിവാഹമോചനം നേടാൻ നിർബന്ധിക്കുകയും വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകുകയും ചെയ്തു.
രാഹുൽ നിർദ്ദേശിച്ച ഹോട്ടലിൽ മുറി ബുക്ക് ചെയ്ത് എത്തിയപ്പോൾ, സംസാരിക്കാൻ പോലും തയ്യാറാവാതെ തന്നെ ക്രൂരമായി ലൈംഗികമായി ആക്രമിച്ചു. മർദ്ദനമേറ്റതായും ശരീരമാകെ പരിക്കേറ്റതായും പരാതിയിൽ പറയുന്നു. ഗർഭിണിയാണെന്ന വിവരം അറിയിച്ചപ്പോൾ കുഞ്ഞിന്റെ പിതൃത്വത്തെ രാഹുൽ ചോദ്യം ചെയ്തു. ഡിഎൻഎ പരിശോധനയ്ക്ക് തയ്യാറാണെന്ന് അറിയിച്ചെങ്കിലും രാഹുൽ സമ്മതിച്ചില്ല. തുടർന്നുണ്ടായ ഭീഷണികൾക്കും സമ്മർദ്ദങ്ങൾക്കുമൊടുവിൽ ഗർഭം അലസി.
പാലക്കാട് ഫ്ലാറ്റ് വാങ്ങാനെന്ന പേരിൽ സാമ്പത്തിക സഹായം കൈപ്പറ്റിയതിനൊപ്പം, വിലകൂടിയ വാച്ചുകൾ, വസ്ത്രങ്ങൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ എന്നിവയും തന്നിൽ നിന്നും വാങ്ങിച്ചതായി യുവതി ആരോപിക്കുന്നു. നേരത്തെ മറ്റ് ലൈംഗികാതിക്രമ പരാതികൾ ഉയർന്നപ്പോൾ താനും പരാതി നൽകുമെന്ന് മനസ്സിലാക്കിയ രാഹുൽ, തന്റെ കുടുംബത്തെയും മാതാപിതാക്കളെയും സഹോദരിയെയും അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി.