കൊച്ചി: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നൽകിയ പരാതിയിൽ അടിയന്തര നടപടി വേണമെന്ന് അതിജീവിതയുടെ ഭർത്താവ്. വെള്ളിയാഴ്ച മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിട്ടും ഇതുവരെ ഒരു പ്രതികരണവും ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു.(Survivor's husband says no response to complaint filed against Rahul Mamkootathil)
നിയമസഭാംഗമായ ഒരാളിൽ നിന്ന് ഉണ്ടാകാൻ പാടില്ലാത്ത, അന്തസ്സില്ലാത്ത പ്രവൃത്തിയാണ് രാഹുൽ മാങ്കൂട്ടത്തിൽ ചെയ്തതെന്ന് അദ്ദേഹം ആരോപിച്ചു. അത്തരമൊരാൾ ഇപ്പോഴും യാതൊരു നടപടിയും നേരിടാതെ പാലക്കാട് വിലസുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ദമ്പതികൾക്കിടയിലെ പ്രശ്നം പരിഹരിക്കാനാണ് താൻ പോയതെന്ന രാഹുലിന്റെ കോടതിയിലെ വാദത്തെ ഭർത്താവ് തള്ളി. "പ്രശ്നം പരിഹരിക്കാനാണെങ്കിൽ എന്നെക്കൂടി വിളിച്ചിരുത്തി സംസാരിക്കുകയല്ലേ വേണ്ടത്? എന്ത് സന്ദേശമാണ് ഈ എംഎൽഎ നൽകുന്നത്?" - അദ്ദേഹം ചോദിച്ചു.
ഇത് തന്റെ മാത്രം പ്രശ്നമല്ലെന്നും, പുറത്തുപറയാൻ പേടിച്ച് കഴിയുന്ന ഒട്ടേറെ പേർക്ക് വേണ്ടി കൂടിയാണ് താൻ ശബ്ദമുയർത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. തന്റെ പരാതി കേൾക്കാൻ മുഖ്യമന്ത്രിയും പോലീസ് മേധാവിയും തയ്യാറാകണമെന്നും അന്വേഷണത്തിൽ വ്യക്തത വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.