തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ. പ്രതിയായ ലൈംഗികപീഡനക്കേസിലെ അതിജീവിതയെ സാമൂഹികമാധ്യമത്തിലൂടെ അപമാനിച്ചതിന് അറസ്റ്റിലായ രാഹുൽ ഈശ്വറിന് ജാമ്യം ലഭിച്ചില്ല. അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് ഇദ്ദേഹത്തിൻ്റെ ജാമ്യഹർജി തള്ളിയത്.രാഹുൽ ഈശ്വർ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന പ്രോസിക്യൂഷൻ്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. കുറ്റകൃത്യത്തിൻ്റെ ഗൗരവം ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം നിഷേധിച്ചത്.
രാഹുലിൻ്റെ വാദം: സാമൂഹിക മാധ്യമത്തിലെ പോസ്റ്റുകളടക്കം പിൻവലിക്കാമെന്ന് വാദത്തിനിടെ രാഹുൽ ഈശ്വർ കോടതിയെ അറിയിച്ചിരുന്നു.പരാതിക്കാരിയെ അപമാനിച്ച കേസിൽ അഞ്ചാം പ്രതിയാണ് രാഹുൽ ഈശ്വർ.
തിരുവനന്തപുരം സെൻട്രൽ ജയിലിൽ നിരാഹാരം തുടരുന്നതിനെ തുടർന്ന് രാഹുൽ ഈശ്വറിനെ നേരത്തെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പ്രത്യേക സെല്ലിലേക്ക് മാറ്റിയിരുന്നു.രാഹുൽ ഈശ്വർ ജില്ലാ സെഷൻസ് കോടതിയിൽ നൽകിയിരുന്ന ജാമ്യഹർജി പിൻവലിച്ച ശേഷമാണ് അഡീഷണൽ സി.ജെ.എം. കോടതിയിൽ വാദം നടന്നത്.