

തൃശൂർ: നടി ആക്രമിക്കപ്പെട്ട കേസിൽ രണ്ടാം പ്രതി മാർട്ടിൻ ആന്റണി അതിജീവിതയെ അപകീർത്തിപ്പെടുത്തി സംസാരിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ അപ്‌ലോഡ് ചെയ്ത വയനാട് സ്വദേശിയെ തൃശൂർ സിറ്റി പോലീസ് അറസ്റ്റ് ചെയ്തു. സിറ്റി പോലീസ് കമീഷണർ നകുൽ ആർ. ദേശ്‌മുഖിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതിയെ പിടികൂടിയത്. അന്വേഷണത്തിന്റെ രഹസ്യസ്വഭാവം കണക്കിലെടുത്ത് പ്രതിയുടെ മറ്റ് വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.
അതിജീവിതയുടെ അന്തസ്സിനെ ബോധപൂർവം മുറിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് വീഡിയോ ചിത്രീകരിച്ചതും പ്രചരിപ്പിച്ചതുമെന്ന് പോലീസ് കണ്ടെത്തി. ഈ നീക്കത്തിന് പിന്നിൽ വലിയൊരു ഗൂഢാലോചനയുണ്ടെന്നാണ് പ്രാഥമിക നിഗമനം.വീഡിയോ ഷെയർ ചെയ്ത ഇരുന്നൂറിലധികം വെബ്‌സൈറ്റുകളും സോഷ്യൽ മീഡിയ പേജുകളും പോലീസിന്റെ സൈബർ വിങ്ങിന്റെ നിരീക്ഷണത്തിലാണ്. വീഡിയോ പങ്കുവെക്കുന്നവർക്കെതിരെ കേസെടുത്ത് നടപടി സ്വീകരിക്കുമെന്ന് കമീഷണർ അറിയിച്ചു.
അതിജീവിതയെ അധിക്ഷേപിക്കാനായി ആരെങ്കിലും സാമ്പത്തിക സഹായം നൽകിയിട്ടുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. പല പേജുകളിലും വാണിജ്യാടിസ്ഥാനത്തിലാണ് ഈ വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്.സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന അപകീർത്തികരമായ കുറിപ്പുകളിലെ പദപ്രയോഗങ്ങളിൽ പോലീസിന് സമാനത കണ്ടെത്താനായിട്ടുണ്ട്. ഇത് ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമാണെന്ന സംശയം ബലപ്പെടുത്തുന്നു.
നടി ആക്രമിക്കപ്പെട്ട കേസിൽ കോടതി വിധി വന്നതിന് പിന്നാലെയാണ് പ്രതി മാർട്ടിന്റെ പ്രസ്താവനകൾ അടങ്ങിയ വീഡിയോ വ്യാപകമായി പ്രചരിച്ചത്. സംഭവത്തിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്നാണ് സൂചന.