തൃശൂർ: നാളെ കൊടിയേറ്റം കുറിക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ മുഖ്യവേദി സന്ദർശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഇന്ന് പുലർച്ചെ തേക്കിൻകാട് മൈതാനത്തെത്തിയ അദ്ദേഹം കലോത്സവ ഒരുക്കങ്ങൾ വിലയിരുത്തുകയും ഊട്ടുപുര സന്ദർശിക്കുകയും ചെയ്തു. 2026-ലെ തൃശൂർ പൂരത്തിന്റെ 'കർട്ടൻ റെയ്സർ' ആയിരിക്കും ഈ കലോത്സവമെന്നും ലോകം മുഴുവൻ ഇത് ഏറ്റെടുക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.(Suresh Gopi visits the School Kalolsavam 2026 venue)
വേദികളുടെ പേരിൽ നിന്ന് താമരയെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ രൂക്ഷമായ പ്രതികരണമാണ് സുരേഷ് ഗോപി നടത്തിയത്. "എല്ലാത്തിലും രാഷ്ട്രീയം കാണുന്നതാണ് പ്രശ്നം. താമരയോട് എങ്ങനെയാണ് രാഷ്ട്രീയം കാണാൻ കഴിയുന്നത്? കലയുടെ ലോകത്ത് രാഷ്ട്രീയം കലർത്തേണ്ട ആവശ്യമില്ല," അദ്ദേഹം പറഞ്ഞു. ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് "സ്വാമിയേ ശരണമയ്യപ്പ" എന്ന് അദ്ദേഹം ആവർത്തിച്ചു.
25 വേദികൾക്ക് പൂക്കളുടെ പേര് നൽകിയപ്പോൾ താമര ഒഴിവാക്കിയത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. യുവമോർച്ചയുടെ പ്രതിഷേധത്തെത്തുടർന്ന് സർക്കാർ നിലപാട് മാറ്റി. 15-ാം വേദിക്ക് താമര എന്ന് പേരിടാനായിരുന്നു ആദ്യ തീരുമാനമെങ്കിലും വിവാദം തണുപ്പിക്കാൻ ഒന്നാം വേദിക്ക് തന്നെ 'താമര' എന്ന് പേര് മാറ്റിയതായി മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ഒന്നാം വേദിക്ക് നിശ്ചയിച്ചിരുന്ന 'ഡാലിയ' എന്ന പേര് മാറ്റിയാണ് താമരയാക്കിയത്.
കലോത്സവ ജേതാക്കൾക്ക് നൽകുന്ന 117 പവൻ തൂക്കമുള്ള സ്വർണ്ണക്കപ്പ് ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് പ്രധാന വേദിയായ തേക്കിൻകാട് മൈതാനത്ത് എത്തും. 13 ജില്ലകളിലെ പര്യടനം പൂർത്തിയാക്കി തൃശൂരിലെത്തിയ കപ്പിന് ചാലക്കുടിയിൽ ആവേശോജ്ജ്വലമായ സ്വീകരണമാണ് നൽകിയത്.