

തൃശൂർ: കേരളത്തിന്റെ വികസനത്തിനായി ബിജെപി അധികാരത്തിൽ വരണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ജനങ്ങൾ വലിയ മാറ്റം കൊണ്ടുവരുമെന്നും തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി നേടിയ വിജയം നിയമസഭയിലും ആവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. തൃശൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.കേന്ദ്രത്തിലും സംസ്ഥാനത്തും ഒരേ കക്ഷി ഭരിക്കുന്ന 'ഡബിൾ എഞ്ചിൻ' സർക്കാരുകളുടെ നേട്ടം മറ്റ് സംസ്ഥാനങ്ങൾ എങ്ങനെയൊക്കെ അനുഭവിക്കുന്നു എന്ന് കേരളത്തിലെ ജനങ്ങൾ തിരിച്ചറിയണമെന്ന് അദ്ദേഹം പറഞ്ഞു.
ഫോറൻസിക് ലാബ് തടസ്സപ്പെടുത്തി: തൃശൂരിൽ സെൻട്രൽ ഫോറൻസിക് സയൻസ് ലാബ് സ്ഥാപിക്കുന്നതിനായി സ്ഥലം അനുവദിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകാത്തതിനെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു. തൃശൂരിനോട് മാത്രം എന്തിനാണ് സർക്കാർ വേർതിരിവ് കാണിക്കുന്നതെന്നും മന്ത്രി ചോദിച്ചു.
തിരുവനന്തപുരം കോർപ്പറേഷൻ ഭരണത്തിൽ ബിജെപി 'തിലകം ചാർത്തുമെന്ന്' താൻ നേരത്തെ പറഞ്ഞിരുന്നു. അത് യാഥാർത്ഥ്യമായത് ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നു എന്നതിന്റെ തെളിവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പാലക്കാട് ഉപതിരഞ്ഞെടുപ്പോ ശബരമലയോ താൻ ഇപ്പോൾ വിഷയമാക്കുന്നില്ലെന്നും അക്കാര്യങ്ങളിൽ ജനങ്ങൾക്ക് കൃത്യമായ ബോധ്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
തിരുവനന്തപുരം സ്മാർട്ട് സിറ്റി പദ്ധതി ഉൾപ്പെടെയുള്ള കേന്ദ്ര പദ്ധതികൾ നടപ്പിലാക്കുന്നതിൽ സംസ്ഥാന സർക്കാർ കാണിക്കുന്ന അലംഭാവത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയുടെ പ്രചാരണങ്ങൾക്ക് ആവേശം പകരുന്നതായിരുന്നു സുരേഷ് ഗോപിയുടെ വാക്കുകൾ.