തിരുവനന്തപുരം: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ പരിഹാസത്തിനെതിരെ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.സുരേഷ് ഗോപി വാ തുറക്കുന്നത് കള്ളം പറയാനും ഭക്ഷണം കഴിക്കാനുമെന്ന് മന്ത്രി പറഞ്ഞു. വിദ്യാഭ്യാസമുള്ള വിദ്യാഭ്യാസ മന്ത്രി വരട്ടേയെന്ന സുരേഷ് ഗോപിയുടെ പരിഹാസത്തിനാണ് ശിവന്‍കുട്ടി മറുപടി നല്‍കിയിരിക്കുന്നത്.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെ കുറിച്ച് ആയിരിക്കും പറഞ്ഞത്. സുരേഷ് ഗോപി പറയുന്നത് ആരും ശ്രദ്ധിക്കുന്നില്ല. അതുകൊണ്ടാണ് ഇപ്പോൾ കലുങ്കിന്റെ അവിടെ വന്നിരുന്ന് വർത്താനം പറയുന്നത്. കലുങ്കിസമാണ് നടക്കുന്നത്. സുരേഷ് ഗോപി വായിൽ തോന്നിയത് വിളിച്ചു പറയുന്നത്. പാവപ്പെട്ടവൻ പരാതിയുമായി വന്നാൽ അടിച്ചോടിക്കുന്നു. കേന്ദ്ര മന്ത്രിസ്ഥാനം വേണ്ട സിനിമയിൽ അഭിനയിക്കാൻ പോകുന്നു എന്ന് കേട്ടു. ഇയാൾ ഇനി സിനിമയിൽ അഭിനയിക്കാൻ പോയാൽ 8 നിലയിൽ പൊട്ടുമെന്നും അതുകൊണ്ട് ഉള്ള ജോലി തീർത്തിട്ട് പോകുന്നതാവും നല്ലത്.
അതേ സമയം, വട്ടവടയില്‍ നടന്ന കലുങ്ക് സംവാദത്തിലായിരുന്നു സുരേഷ് ഗോപിയുടെ പരിഹാസം. വട്ടവടയില്‍ പുതിയ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ വേണമെന്ന നാട്ടുകാരുടെ ആവശ്യത്തോടായിരുന്നു സുരേഷ് ഗോപി മന്ത്രിയെ പരിഹസിച്ച് മറുപടി നല്‍കിയത്.'അവരില്‍ നിന്നും ഇതൊന്നും പ്രതീക്ഷിക്കേണ്ട. എന്നെ എപ്പോഴും കളിയാക്കുന്ന മന്ത്രിയാണ് ഇപ്പോള്‍ ഉള്ളത്. അവരൊക്കെ മാറട്ടെ, എന്നിട്ട് നമുക്ക് ആലോചിക്കാം'എന്നും സുരേഷ് ഗോപി പറഞ്ഞു.