കൊച്ചി: കേന്ദ്ര ബജറ്റ് സംബന്ധിച്ച വാർത്താസമ്മേളനത്തിൽ പങ്കെടുക്കാൻ വേറിട്ട യാത്രാവഴി തെരഞ്ഞെടുത്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ആലുവയിൽ നിന്നും കൊല്ലത്തേക്ക് അമൃത് ഭാരത് എക്സ്‌പ്രസ്സിലായിരുന്നു മന്ത്രിയുടെ യാത്ര. യാത്രാനുഭവം അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു.(Suresh Gopi MP travels on Amrit Bharat Express)
ഇന്ത്യൻ റെയിൽവേയുടെ പുത്തൻ വേഗതയും സൗകര്യങ്ങളും നേരിട്ട് അനുഭവിക്കുകയാണ്. സാധാരണക്കാർക്ക് ഏറ്റവും മികച്ച യാത്രാസൗകര്യങ്ങൾ കുറഞ്ഞ ചിലവിൽ ലഭ്യമാക്കുക എന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടാണ് അമൃത് ഭാരത്. കേരളത്തിന്റെ റെയിൽവേ വികസനത്തിലെ സുപ്രധാന നാഴികക്കല്ലാണിത്, സുരേഷ് ഗോപി സമൂഹ മാധ്യമത്തിൽ കുറിച്ചു. വികസനത്തിന്റെ പാതയിൽ ഒരുമിച്ച് മുന്നേറാം എന്ന സന്ദേശത്തോടെയാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിച്ചത്.
വന്ദേ ഭാരത് ട്രെയിനുകളുടെ മാതൃകയിൽ സെമി ഹൈസ്പീഡ് വേഗതയിൽ സഞ്ചരിക്കാൻ കഴിയുന്ന, എന്നാൽ പൂർണ്ണമായും സ്ലീപ്പർ, ജനറൽ ക്ലാസുകൾ മാത്രമുള്ള ട്രെയിനുകളാണ് അമൃത് ഭാരത്. രണ്ട് വശങ്ങളിലും എഞ്ചിനുകൾ ഘടിപ്പിച്ച ‘പുഷ്-പുൾ’ സാങ്കേതികവിദ്യയാണ് ഇതിൽ ഉപയോഗിക്കുന്നത്. ഇത് ട്രെയിനിന്റെ വേഗത പെട്ടെന്ന് വർദ്ധിപ്പിക്കാനും സമയം ലാഭിക്കാനും സഹായിക്കുന്നു.
കേരളത്തിലൂടെ നിലവിൽ പ്രധാനമായും മൂന്ന് അമൃത് ഭാരത് സർവീസുകളാണ് ക്രമീകരിച്ചിരിക്കുന്നത്. തിരുവനന്തപുരം – താംബരം സർവീസ്, താംബരത്തുനിന്നും ബുധനാഴ്ചകളിൽ വൈകിട്ട് 5.30-ന് പുറപ്പെടുന്ന ട്രെയിൻ വ്യാഴാഴ്ച രാവിലെ 8-ന് തിരുവനന്തപുരത്തെത്തും. മടക്കയാത്ര വ്യാഴാഴ്ചകളിൽ രാവിലെ 10.40-ന് പുറപ്പെട്ട് രാത്രി 11.45-ന് താംബരത്ത് അവസാനിക്കും.
ഹൈദരാബാദ് – തിരുവനന്തപുരം നോർത്ത്, ചൊവ്വാഴ്ചകളിൽ രാവിലെ 7.15-ന് ഹൈദരാബാദിൽ നിന്ന് പുറപ്പെട്ട് ബുധനാഴ്ച ഉച്ചയ്ക്ക് 2.45-ന് തിരുവനന്തപുരത്തെത്തും. തിരികെ ബുധനാഴ്ച വൈകിട്ട് 5.30-ന് പുറപ്പെട്ട് വ്യാഴാഴ്ച രാത്രി 11.30-ന് ഹൈദരാബാദിലെ ചെർലാപ്പള്ളിയിൽ എത്തുന്ന രീതിയിലാണ് ഈ സർവീസ്.
നാഗർകോവിൽ – മംഗളൂരു ജംക്ഷൻ സർവ്വീസ്, ചൊവ്വാഴ്ചകളിൽ ഉച്ചയ്ക്ക് 11.30-ന് നാഗർകോവിലിൽ നിന്ന് യാത്ര തിരിച്ച് ബുധനാഴ്ച പുലർച്ചെ 5-ന് മംഗളൂരുവിലെത്തും. മടക്ക ട്രെയിൻ ബുധനാഴ്ച രാവിലെ 8-ന് പുറപ്പെട്ട് രാത്രി 10.05-ന് നാഗർകോവിലിൽ തിരിച്ചെത്തും.



