കൊല്ലം: കേരളത്തിന് അനുവദിച്ച എയിംസ് സ്ഥാപിക്കുന്ന കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി ( Suresh Gopi – AIIMS Kerala Update). കൊല്ലത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം കേന്ദ്ര സർക്കാരിന്റെ നിലപാട് വ്യക്തമാക്കിയത്. എയിംസിനായി ആലപ്പുഴയിൽ സ്ഥലം വേണമെന്നതാണ് തന്റെ വ്യക്തിപരമായ നിലപാടെന്നും എന്നാൽ സർക്കാർ അതിന് തയ്യാറാകുന്നില്ലെങ്കിൽ അത് തൃശ്ശൂരിൽ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സർക്കാർ ആവശ്യമായ സ്ഥലം ഏറ്റെടുത്ത് നൽകിയാൽ എയിംസ് ഉറപ്പായും വരും. പദ്ധതിക്കായി കേരളം ഇതുവരെ എന്താണ് ചെയ്തതെന്ന് വ്യക്തമാക്കണം. ആലപ്പുഴയിൽ സ്ഥലം നൽകാൻ സർക്കാർ മടിക്കുകയാണെങ്കിൽ പകരമായി തൃശ്ശൂരിൽ സ്ഥലം കണ്ടെത്തി എയിംസ് നേടിയെടുക്കും.
കേന്ദ്ര ബജറ്റിൽ എയിംസിനെക്കുറിച്ച് പരാമർശമില്ലെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, “2016-ൽ തന്നെ ഇത് പ്രഖ്യാപിച്ചതാണല്ലോ” എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇപ്പോൾ ഉയരുന്ന വിവാദങ്ങളെല്ലാം തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ളതാണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഈ ബഹളങ്ങളെല്ലാം കെട്ടടങ്ങുമെന്നും അദ്ദേഹം പരിഹസിച്ചു.
എയിംസ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കിനാലൂരിൽ (കോഴിക്കോട്) സ്ഥലം ഏറ്റെടുക്കുന്ന നടപടികളുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോകുന്നതിനിടെയാണ്, തൃശ്ശൂരിനും ആലപ്പുഴയ്ക്കും വേണ്ടി വാദിച്ചുകൊണ്ടുള്ള കേന്ദ്രമന്ത്രിയുടെ പുതിയ പ്രസ്താവന വരുന്നത്. ഇത് വരും ദിവസങ്ങളിൽ പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറക്കും.



