

കൊച്ചി: ഐ.ടി. വ്യവസായി വേണു ഗോപാലകൃഷ്ണനെതിരെ നൽകിയ ലൈംഗിക പീഡന പരാതിയിൽ ഉറച്ചുനിൽക്കുന്നതായി പരാതിക്കാരി. കേസ് മധ്യസ്ഥതയിലൂടെ തീർപ്പാക്കുന്നതിനെക്കുറിച്ച് സുപ്രീം കോടതി ഉന്നയിച്ച ചോദ്യം തന്നെ ഞെട്ടിച്ചെന്നും യുവതി പ്രതികരിച്ചു. കേസിൽ നിയമപോരാട്ടം തുടരുമെന്നും അവർ വ്യക്തമാക്കി.
വേണു ഗോപാലകൃഷ്ണൻ്റെ മുൻകൂർ ജാമ്യ ഹർജി പരിഗണിക്കുന്നതിനിടെയാണ് കേസ് മധ്യസ്ഥതയിലൂടെ തീർത്തു കൂടെയെന്ന് സുപ്രീം കോടതി ചോദിച്ചത്. തുടർന്ന് ഈ വിഷയം പരിശോധിക്കുന്നതിനായി കേസ് സുപ്രീം കോടതിയുടെ മീഡിയേഷൻ സെൻ്ററിന് വിടുകയായിരുന്നു.
പ്രശ്നം പറഞ്ഞു പരിഹരിക്കാൻ തയ്യാറാണെന്ന് ഒര ഘട്ടത്തിലും കോടതിയെ അറിയിച്ചിട്ടില്ലെന്ന് പരാതിക്കാരി വ്യക്തമാക്കി. മീഡിയേഷനിൽ പങ്കെടുക്കണമോ എന്ന കാര്യത്തിൽ അഭിഭാഷകരുമായി ചർച്ച ചെയ്ത ശേഷം അന്തിമ തീരുമാനമെടുക്കും. സാക്ഷികൾ അതേ സ്ഥാപനത്തിൽ തന്നെ ജോലി ചെയ്യുന്നതിനാൽ കാര്യങ്ങൾ തുറന്നുപറയാൻ അവർ തയ്യാറല്ല.
കേസിൽ ദേശീയ വനിതാ കമ്മീഷനും എറണാകുളം ജില്ലാ 'പോഷ്' (POSH) കമ്മിറ്റിക്കും പരാതി നൽകിയിട്ടുണ്ട്. വനിതാ കമ്മീഷൻ തുടർനടപടി സ്വീകരിക്കുകയും ജില്ലാ കളക്ടറോട് റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും അവർ അറിയിച്ചു.