കൊച്ചി: നിലമ്പൂരിൽ പുതിയ മുസ്ലിം പള്ളിക്ക് അനുമതി നിഷേധിച്ച കേരള ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയുടെ രൂക്ഷവിമർശനം. ഒരു പ്രദേശത്ത് നൂറ് പള്ളികളുണ്ടെന്ന് ചൂണ്ടിക്കാട്ടി പുതിയൊരു പള്ളിക്ക് അനുമതി നിഷേധിക്കുന്നത് എങ്ങനെയാണെന്ന് ജസ്റ്റിസ് ജെ.ബി. പർഡിവാല അധ്യക്ഷനായ ബെഞ്ച് ചോദിച്ചു.(Supreme Court to Kerala High Court on Nilambur mosque issue)
വാണിജ്യ കെട്ടിടം പള്ളിയാക്കി മാറ്റാൻ അനുമതി തേടി 'നൂറുൽ ഇസ്‌ലാം സാംസ്കാരിക സംഘം' നൽകിയ ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതി സുപ്രധാന നിരീക്ഷണങ്ങൾ നടത്തിയത്. ഇത്തരത്തിൽ പള്ളി നിർമ്മാണത്തിന് അനുമതി നൽകാതിരിക്കുന്നത് ഭരണഘടനാപരമായ ശരിയാണോ എന്ന് കോടതി ചോദിച്ചു. ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള ഹർജിയിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു.
മലപ്പുറം നിലമ്പൂരിൽ വാണിജ്യ കെട്ടിടം പള്ളിയാക്കി മാറ്റാനുള്ള അപേക്ഷ ജില്ലാ കളക്ടർ നേരത്തെ നിരസിച്ചിരുന്നു. കെട്ടിടത്തിന് അഞ്ച് കിലോമീറ്റർ ചുറ്റളവിൽ സമാനമായ 36 മുസ്ലിം പള്ളികൾ ഉണ്ടെന്നും അതിനാൽ പുതിയൊരു ആരാധനാലയത്തിന്റെ ആവശ്യമില്ലെന്നുമായിരുന്നു നിലപാട്. കളക്ടറുടെ ഈ വാദം ശരിവച്ച കേരള ഹൈക്കോടതി, പുതിയ പള്ളിക്ക് അനുമതി നൽകാനാവില്ലെന്ന് ഉത്തരവിട്ടു. ഈ ഉത്തരവിനെതിരെയാണ് നൂറുൽ ഇസ്‌ലാം സാംസ്കാരിക സംഘം സുപ്രീം കോടതിയെ സമീപിച്ചത്.