

ന്യൂഡൽഹി: ഡ്രജ്ജർ അഴിമതിക്കേസുമായി ബന്ധപ്പെട്ട വാദത്തിനിടെ തെറ്റായ വിവരം നൽകിയ കേന്ദ്ര സർക്കാരിന് സുപ്രീംകോടതി 25,000 രൂപ പിഴ ചുമത്തി. "കോടതിയെ വിഡ്ഢിയാക്കാൻ ശ്രമിക്കുകയാണോ?" എന്ന് ചോദിച്ച ജസ്റ്റിസ് രാജേഷ് ബിൻഡാൽ അധ്യക്ഷനായ ബെഞ്ച് കേന്ദ്രത്തിന്റെ നിലപാടിനെതിരെ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്.
ഡ്രജ്ജർ ഇടപാടിലെ വിദേശബന്ധം അന്വേഷിക്കാൻ നെതർലൻഡിലേക്ക് പോകാനുള്ള ഉദ്യോഗസ്ഥരുടെ വിവരങ്ങളോ അപേക്ഷയോ കേരള സർക്കാർ നൽകിയിട്ടില്ലെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി. രാജു രാവിലെ കോടതിയെ അറിയിച്ചു. എന്നാൽ ഇത് വസ്തുതാവിരുദ്ധമാണെന്നും എല്ലാ വിവരങ്ങളും കൃത്യമായി കൈമാറിയിട്ടുണ്ടെന്നും സംസ്ഥാന സർക്കാരിന്റെ അഭിഭാഷകൻ ജയന്ത് മുത്തുരാജ് രേഖാമൂലം കോടതിയിൽ വ്യക്തമാക്കി.
സംസ്ഥാനം രേഖകൾ ഹാജരാക്കിയതോടെ, ഉച്ചയ്ക്ക് ശേഷം കേസ് വീണ്ടും പരിഗണിച്ചപ്പോൾ കേന്ദ്ര സർക്കാർ തങ്ങളുടെ പ്രസ്താവന തിരുത്തി. കേരളം വിവരങ്ങൾ നൽകിയിരുന്നുവെന്ന് കേന്ദ്രം സമ്മതിച്ചതോടെ കോടതി പ്രകോപിതരായി. 50,000 രൂപ പിഴ ചുമത്താനാണ് കോടതി ആദ്യം തീരുമാനിച്ചതെങ്കിലും പിന്നീട് അത് 25,000 രൂപയായി കുറയ്ക്കുകയായിരുന്നു.
തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ഡ്രജ്ജർ വാങ്ങിയതിൽ അഴിമതി നടന്നുവെന്നാരോപിച്ചാണ് ജേക്കബ് തോമസിനെതിരെ കേസെടുത്തത്. കേസിലെ വിദേശ അന്വേഷണത്തിനുള്ള നടപടികൾ വൈകുന്നതിൽ കോടതി നേരത്തെ തന്നെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.