ഹൃദയ ശസ്ത്രക്രിയ ഉപകരണ കുടിശ്ശിക: വിതരണക്കാർ നിലപാട് കടുപ്പിക്കുന്നു; തിരിച്ചെടുത്ത സ്റ്റോക്ക് തിരികെ നൽകില്ല, നിയമ നടപടിക്ക് സാധ്യത | Heart surgery

ഉപകരണ കുടിശ്ശിക തീർക്കാൻ ആരോഗ്യ വകുപ്പ് 250 കോടി രൂപ ധനവകുപ്പിനോട് അടിയന്തര സഹായം തേടിയിട്ടുണ്ട്
Suppliers toughen stance on Heart surgery equipment dues
Published on

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകളിൽ വിതരണം ചെയ്ത ഹൃദയ ശസ്ത്രക്രിയാ ഉപകരണങ്ങളുടെ കുടിശ്ശിക വിഷയത്തിൽ നിലപാട് കടുപ്പിച്ച് വിതരണക്കാർ. തിരികെ എടുത്ത സ്റ്റോക്ക് മെഡിക്കൽ കോളേജുകൾക്ക് തിരികെ നൽകില്ലെന്നാണ് വിതരണക്കാരുടെ സംഘടനയുടെ തീരുമാനം. നിയമപരമായ വഴികൾ തേടുന്നതിനെക്കുറിച്ച് ആലോചിക്കാനും വിതരണക്കാരുടെ യോഗം തീരുമാനിച്ചു.(Suppliers toughen stance on Heart surgery equipment dues)

കുടിശ്ശിക തീർക്കുന്നതുമായി ബന്ധപ്പെട്ട് ഒരു തരത്തിലുമുള്ള ഉറപ്പുകളും ലഭിക്കാത്ത സാഹചര്യത്തിലാണ് വിതരണക്കാർ സ്റ്റോക്ക് തിരിച്ചെടുക്കുന്ന നടപടിയിലേക്ക് കടന്നത്. ഇന്നലെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് ഉപകരണങ്ങൾ തിരിച്ചെടുത്തിരുന്നു. കോട്ടയം, തിരുവനന്തപുരം മെഡിക്കൽ കോളേജുകൾ കുടിശ്ശിക തീർക്കാൻ കൂടുതൽ സമയം തേടിയിരുന്നു. എന്നാൽ, സ്റ്റോക്ക് തിരിച്ചെടുക്കാൻ കോഴിക്കോട് മെഡിക്കൽ കോളേജ് അധികൃതർ വിതരണക്കാർക്ക് അനുമതി നൽകിയിരുന്നില്ല.

ഹൃദയ ശസ്ത്രക്രിയ ഉപകരണ വിതരണക്കാർക്ക് മാത്രം ആരോഗ്യ വകുപ്പ് 159 കോടി രൂപയാണ് കുടിശ്ശികയായി നൽകാനുണ്ടായിരുന്നത്. ആവർത്തിച്ച് മുന്നറിയിപ്പുകൾ നൽകിയിട്ടും സമയപരിധി നീട്ടി നൽകിയിട്ടും ഇതിൽ 30 കോടി രൂപ മാത്രമാണ് സർക്കാർ നൽകാൻ തയ്യാറായത്. ഇതാണ് ഗുരുതരമായ പ്രതിസന്ധിയിലേക്ക് കാര്യങ്ങളെത്തിച്ചത്. ഇന്നലെ വൈകീട്ട് ചേർന്ന യോഗത്തിലാണ് സ്റ്റോക്ക് തിരിച്ചെടുക്കാനുള്ള വഴികൾ തേടാൻ വിതരണക്കാരുടെ സംഘടന തീരുമാനിച്ചത്.

അതേസമയം, ഉപകരണ കുടിശ്ശിക തീർക്കാൻ ആരോഗ്യ വകുപ്പ് 250 കോടി രൂപ ധനവകുപ്പിനോട് അടിയന്തര സഹായം തേടിയിട്ടുണ്ട്. ഇതിൽ 100 കോടി രൂപയെങ്കിലും ലഭിച്ചാൽ മാത്രമേ പ്രതിസന്ധിക്ക് താൽക്കാലികമായെങ്കിലും പരിഹാരമാവുകയുള്ളൂ.

Related Stories

No stories found.
Times Kerala
timeskerala.com