കോട്ടയം : കോട്ടയം മെഡിക്കല്‍ കോളേജില്‍ ശുചിമുറി തകർന്നുവീണ സംഭവം ആരോഗ്യരംഗത്തെ തകര്‍ച്ചയുടെ പര്യായമാണെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് എംഎൽഎ. അപകടം ഉണ്ടായത് ഉപയോഗിച്ചുകൊണ്ടിരിക്കുന്ന കെട്ടിടം ആയതുകൊണ്ടാണ് ആളുകള്‍ക്ക് പരിക്കുപറ്റിയതെന്നും സണ്ണി ജോസഫ് വിമർശിച്ചു.
കെട്ടിടത്തിന് കാലപ്പഴക്കം ഉണ്ടായിരുന്നെങ്കില്‍ പൊളിച്ചു മാറ്റണമായിരുന്നു.അങ്ങനെയല്ലെന്ന ആരോഗ്യമന്ത്രിയുടെയും കോട്ടയം ജില്ലക്കാരനായ മന്ത്രി വാസവന്റെയും ന്യായീകരണം തെറ്റാണ്. ഉപയോഗ്യശ്യൂനമായ കെട്ടിടമാണ് തകര്‍ന്നതെന്ന് പച്ചക്കള്ളം പ്രചരിപ്പിക്കുകയും രക്ഷാപ്രവര്‍ത്തനം വൈകിപ്പിക്കുകയും ചെയ്തതു വഴി ഒരു പാവപ്പെട്ട സ്ത്രീയെ മരണത്തിലേക്ക് തള്ളിവിട്ടത് രണ്ടുമന്ത്രിമാരുമാണ്.
ന്യായീകരിക്കാന്‍ ശ്രമിക്കുന്നത് തികഞ്ഞ പരാജയമാണ്. ആരോഗ്യ മേഖലയിലെ പ്രശ്‌നങ്ങള്‍ക്കെതിരെ സമരം വ്യാപിപ്പിക്കും. ആരോഗ്യമന്ത്രി രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പഞ്ചായത്ത് അടിസ്ഥാനത്തില്‍ ജൂലൈ 4ന് വൈകുന്നേരം കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യ വകുപ്പിന്റെ കെടുകാര്യസ്ഥതയും ഉത്തരവാദിത്തമില്ലായ്മയും പ്രകടമാക്കുന്ന സംഭവമാണിത്. ആരോഗ്യം രംഗത്ത് ഇപ്പോള്‍ നിലനില്‍ക്കുന്ന പോരായ്മകളും അപാകതകളും സമ്മതിച്ച് തിരുത്തല്‍ വരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.