തിരുവനന്തപുരം : ഷാഫി പറമ്പിൽ എം പിക്ക് നേരെയുണ്ടായ ആക്രമണത്തിൽ പ്രതികരിച്ച് കെ പി സി സി അധ്യക്ഷൻ സണ്ണി ജോസഫ് രംഗത്തെത്തി. മനഃപൂർവ്വം ഷാഫിയെ ആക്രമിച്ച് പരിക്കേൽപ്പിച്ചുവെന്നും, അദ്ദേഹം സി പി എമ്മിന് തലവേദന ആയതിനാൽ ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ പ്രതിഷേധാർഹം ആണെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു. (Sunny Joseph on attack against Shafi Parambil MP)
കുറ്റക്കാരായ പൊലീസുകാരെ സസ്‌പെൻഡ് ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ചോരക്കളി വേണ്ടെന്നും,തങ്ങൾ സിപിഎം ഭീഷണിക്ക് വഴങ്ങില്ലെന്നും പറഞ്ഞ സണ്ണി ജോസഫ്, ജനങ്ങളുടെ പിന്തുണയോടെ ചെറുത്ത് തോൽപ്പിക്കുമെന്നും അറിയിച്ചു. യൂത്ത് കോൺഗ്രസിന് ഉടൻ തന്നെ പുതിയ പ്രസിഡൻ്റ് ഉണ്ടാകുമെന്നും, പുനഃസംഘടനയിൽ ഉടൻ തീരുമാനം ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ മകന് ഇ ഡി സമൻസ് അയച്ച സംഭവത്തിൽ ബി ജെ പിയുമായി ഒത്തുകളിക്കുകയാണെന്നാണ് സണ്ണി ജോസഫ് പറഞ്ഞത്. വിവേക് കിരൺ ഹാജരായോ എന്നും അറസ്റ്റ് ചെയ്തോ എന്നും വ്യക്തമാക്കണം എന്നും, സമരവും നിയമ നടപടിയും അതിന് ശേഷം ആലോചിക്കുമെന്നും പറഞ്ഞ അദ്ദേഹം, ഹൈക്കോടതി നിയന്ത്രണത്തിൽ കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു.
'ഷാഫിയുടെ ചോര നിലത്തു വീണിട്ടുണ്ടെങ്കിൽ അതിന് പ്രതികാരം ചോദിക്കും': VD സതീശൻ
എ ഡി ജി പി ആയിരുന്ന എം ആർ അജിത് കുമാർ ആർ എസ് എസ് നേതാവിനെ കാണാൻ പോയത് മുഖ്യമന്ത്രി പിണറായി വിജയന്റെ മകന് ഇ ഡി നോട്ടീസ് നൽകിയതിന് പിന്നാലെയാണെന്ന് പറഞ്ഞ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്തെത്തി. എന്തുകൊണ്ടാണ് നോട്ടീസ് നൽകിയ വിവരം ഇ ഡിയും മുഖ്യമന്ത്രിയും ഇത്രയും നാൾ മറച്ചുവച്ചതെന്നും അദ്ദേഹം ചോദിച്ചു. തൃശ്ശൂർ പൂരം കലക്കിയെന്നും തൃശ്ശൂർ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ സിപിഎം സഹായിച്ചെന്നുമുള്ള ആരോപണങ്ങൾ ഇതിന് പിന്നാലെയാണ് വരുന്നതെന്നും, ഇതെല്ലാം സെറ്റിൽമെന്റ് ആണെന്ന പ്രതിപക്ഷ ആരോപണങ്ങൾക്ക് അടിവരയിടുന്നതാണ് ഇപ്പോൾ പുറത്ത് വരുന്ന സംഭവങ്ങൾ എന്നും അദ്ദേഹം ആരോപിച്ചു.
വസ്തുത പുറത്ത് വരണമെന്നും, വിഷയത്തിൽ മുഖ്യമന്ത്രി വ്യക്തത വരുത്തണം എന്നും ആവശ്യപ്പെട്ട അദ്ദേഹം, ഇ ഡിയും കാര്യം വ്യക്തമാക്കണമെന്നും പറഞ്ഞു. ഷാഫിയുടെ ചോര നിലത്തുവീണിട്ടുണ്ടെങ്കിൽ അതിന് പ്രതികാരം ചോദിക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം പ്രതികരിച്ചു. ശബരിമലയില്‍ പ്രതിരോധത്തിലായ സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും രക്ഷിക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്നും, ശക്‌തമായ പ്രക്ഷോഭം ഉണ്ടാകുമെന്നും സതീശൻ മുന്നറിയിപ്പ് നൽകി.