തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫ് അധികാരം പിടിക്കുമെന്ന് സുനിൽ കനുഗൊലുവിന്റെ റിപ്പോർട്ട്. തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ട് നിലയും നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും വിശകലനം ചെയ്ത് തയ്യാറാക്കിയ റിപ്പോർട്ട് കെപിസിസി രാഷ്ട്രീയ കാര്യ സമിതി യോഗത്തിലാണ് അദ്ദേഹം അവതരിപ്പിച്ചത്.(Sunil Kanugolu's report says there is a positive wave for UDF in the assembly elections)
തദ്ദേശ തിരഞ്ഞെടുപ്പിലെ കണക്കുകൾ പ്രകാരം 80 സീറ്റുകളിലാണ് യുഡിഎഫിന് മുൻതൂക്കമുള്ളത്. എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് എത്തുമ്പോൾ ഇത് 90 സീറ്റുകളായി വർദ്ധിക്കുമെന്നും വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിൽ വരാമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
2021-ന് ശേഷം സംസ്ഥാനത്തുണ്ടായ രാഷ്ട്രീയ മാറ്റങ്ങൾ, സർക്കാരിനെതിരായ വികാരം, സാമുദായിക സംഘടനകളുടെ നിലപാടുകൾ എന്നിവ യുഡിഎഫിന് അനുകൂലമാകുമെന്നാണ് വിലയിരുത്തൽ. നിലവിലെ ഭരണപക്ഷ എംഎൽഎമാരുടെ മണ്ഡലങ്ങളിലെ ജനപ്രീതിയും, കോൺഗ്രസ് സ്ഥാനാർത്ഥികളാകാൻ സാധ്യതയുള്ളവരുടെ സ്വീകാര്യതയും റിപ്പോർട്ടിൽ പ്രത്യേകം വിശകലനം ചെയ്തിട്ടുണ്ട്.
റിപ്പോർട്ട് പുറത്തുവന്നതോടെ വലിയ ആത്മവിശ്വാസത്തിലാണ് കോൺഗ്രസ് നേതൃത്വം. സീറ്റ് വിഭജന ചർച്ചകളിൽ ഇത്തവണ തർക്കങ്ങൾ ഉണ്ടാകില്ലെന്നും ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടുമെന്നും നേതാക്കൾ വ്യക്തമാക്കി. റിപ്പോർട്ടിന്റെ പൂർണ്ണരൂപം യോഗത്തിൽ അവതരിപ്പിച്ചിട്ടില്ലെങ്കിലും പ്രധാനപ്പെട്ട സൂചനകൾ നേതാക്കൾക്ക് കൈമാറിയിട്ടുണ്ട്. സ്ഥാനാർത്ഥി നിർണ്ണയത്തിലും പ്രചാരണ തന്ത്രങ്ങളിലും സുനിൽ കനുഗൊലുവിന്റെ ഈ റിപ്പോർട്ട് നിർണ്ണായകമാകും.